ചിറ്റൂർ: സംസ്ഥാനത്തെ കളിമൺ ലോബി പാലക്കാടിന്റെ കിഴക്കൻ പ്രദേശത്തെ കാർഷിക മേഖലയെ കാർന്നു തിന്നുന്നു. കഴിഞ്ഞ മൂന്നുവർഷമായി ചിറ്റൂർ, പാലക്കാട് താലൂക്കുകളിൽ വ്യാപകമായി കളിമണ്ണ് കടത്തുന്നുണ്ട്. തൃശൂരിലെ നൂറോളം വൻകിട ഓട്ട് കമ്പനികളാണ് വൻതോതിൽ കളിമണ്ണ് സംഭരിക്കുന്നത്. കേരളത്തിൽ പാലക്കാട് ജില്ലയിൽ നിന്നുള്ള കളിമണ്ണ് ഇവർക്ക് പ്രിയപ്പെട്ടതാണ്. ഇതുപയോഗിച്ച് വിവിധ വർണ്ണങ്ങളിലും ഡിസൈനുകളിലും നിർമ്മിക്കുന്ന ഓട് വിദേശത്തേക്കാണ് കൂടുതലും കയറ്റി അയക്കുന്നത്. വ്യാപക മണ്ണെടുപ്പ് മൂലം കാർഷിക മേഖലയും തൃശൂരിലെ കോൾ പാടങ്ങളും പാടെ തകർന്ന് വെളളം മുങ്ങുന്ന സ്ഥിതിയായപ്പോൾ. പത്ത് വർഷം മുമ്പ് തകർന്ന കാർഷിക മേഖലയെ സംരക്ഷിക്കാൻ അന്നത്തെ തൃശൂർ ജില്ലാ കളക്ടർ മണ്ണെടുപ്പ് തടഞ്ഞിരുന്നു. തുടർന്ന് കമ്പനികൾ കർണ്ണാടകയിൽ നിന്നാണ് കളിമണ്ണ് എത്തിച്ചിരുന്നത്. ഇതു വൻതോതിൽ വർദ്ധിച്ചതോടെ കേരളത്തിലേക്കുള്ള കളിമണ്ണ് കടത്ത് രണ്ട് വർഷം മുമ്പ് കർണ്ണാടക സർക്കാർ നിരോധിച്ചു. തുടർന്നാണ് പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് വൻകിട കളിമണ്ണ് ലോബികൾ തമ്പടിച്ചു തുടങ്ങിയത്. സംസ്ഥാന സർക്കാറിന്റെ പുതിയ പദ്ധതി പ്രകാരം കാർഷിക മേഖല കൂടുതൽ അഭിവൃദ്ധിപ്പെടുത്താൻ വേണ്ടി കുളങ്ങളും ഡാമുകളും ജലസംഭരണികളും സംരക്ഷിക്കാൻ നവീകരണം നടത്തുന്നതിന്റെ മറവിൽ ടെണ്ടർ എടുത്ത് മണ്ണ് കടത്തുന്ന രീതിയാണിപ്പോൾ ഇവർ ചെയ്തുവരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുളങ്ങളുള്ള പ്രദേശമാണ് ചിറ്റൂർ, പാലക്കാട് താലൂക്കുകൾ. പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണത്തിന്റെ മറവിൽ കളിമണ്ണെടുത്ത് നിർബാധം വിൽപ്പന നടത്തുന്നതിന് മാത്രമായുളള ടെണ്ടർ നടപടികളാണ് നടക്കാറുളളത്. ഇതിനായി ഗ്രാമപഞ്ചായത്തിന്റേയും ജിയോളജി വകുപ്പിന്റേയും പാസ്സും നൽകുന്നു. മണ്ണ് പ്രാദേശികമായി വിപണനം ചെയ്യാറുമില്ല. ഗ്രാമപഞ്ചായത്തിന്റെ വരുമാനം കൂട്ടാറുമില്ല. തുച്ഛമായ തുകയ്ക്ക് ടെണ്ടറെടുത്ത് ലക്ഷങ്ങൾ കൊയ്യുകയാണ് മണ്ണ് മാഫിയകൾ. ഇതിനു പിന്നിൽ വൻ അഴിമതിയാണെന്ന ആക്ഷേപം ശക്തമാണ്.
കിഴക്കൻ മേഖലയിൽ മണ്ണ് പരിശോധിച്ചാണു വില നിശ്ചയിച്ചുവരുന്നത്. കറുത്ത മണ്ണ് ഓട്ട് കമ്പനികൾക്ക് ഏറ്റവും അനുയോജ്യമാണ്. കൊഴിഞ്ഞാമ്പാറ കുന്നുങ്കാട്ടുപ്പതി കുളം ടെണ്ടർ വെറും വഴിപാടായി മാത്രമാണ് നടന്നതെന്ന് ആരോപണമുണ്ട്. കോടികൾ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് വെറും തുച്ഛമായ സംഖ്യ മാത്രം. കളിമണ്ണ് ഒരുടണ്ണിന് കമ്പനിയിൽ നിന്നു ലഭിക്കുന്നത് 2,000 രൂപയാണ്. ഒരു ടോറസ് ലോറിയിൽ 30 മുതൽ 35 വരെ ടൺ കയറ്റുന്നുണ്ട്. ഇത്തരത്തിൽ മാസങ്ങളോളം നൂറുകണക്കിന് വാഹനങ്ങളിൽ കളിമൺ കടത്താനാവും. കുന്നങ്കട്ടുപ്പതി കുളത്തിൽ ഏകദേശം അഞ്ച് കോടിയിൽപ്പരം രൂപയുടെ കളിമണ്ണ് ഉണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ തന്നെ പറയുന്നത്. ഇത്ര വലിയ സ്രോതസ്സാണ് തുച്ഛമായ തുകയ്ക്ക് ടെണ്ടർ നൽകിയിട്ടുള്ളതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മാത്രമല്ല നിരവധി വർഷക്കാലം മണ്ണടിഞ്ഞു കിടന്ന കുളം ആഴപ്പെടുത്തുമ്പോൾ ലഭ്യമാകുന്ന ഏറെ വളക്കൂറുള്ള മണ്ണ് പ്രാദേശികമായുള്ള തെങ്ങിൻ തോട്ടങ്ങൾ ഉൾപ്പെടെ കൃഷിഭൂമികളിൽ സൗജന്യമായി നിക്ഷേപിക്കാൻ തീരുമാനിച്ചത് ടെണ്ടറിലൂടെ അട്ടിമറിച്ചെന്നതാണ് കുന്നങ്കാട്ടുപ്പതിയിൽ കർഷകർ ഉന്നയിക്കുന്ന പരാതി. തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് കളിമൺ കടത്ത് വലിയ വിവാദത്തിന് ഇടയായിട്ടുണ്ട്. കളിമൺ ലോബികൾ രാഷ്ടീയ, ഉദ്യോഗസ്ഥ വൃന്ദങ്ങളെ സ്വാധീനിച്ച് സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |