നിർമ്മാണം തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: തിരുവനന്തപുരം ടെക്‌നോപാർക്കിന്റെ മൂന്നാംഘട്ട നിർമ്മാണത്തിന് സുപ്രീംകോടതി അനുമതി. 2008ലെ കേരള തണ്ണീർത്തട സംരക്ഷണ നിയമവും 2017ലെ കേന്ദ്രനിയമവും ലംഘിച്ചാണ് മൂന്നാംഘട്ട വികസനത്തിനായി 19.75 ഏക്കർ നികത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകനായ തോമസ് ലോറൻസ് നൽകിയ ഹർജി ജസ്റ്റിസ് റോഹിന്റൻ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് തള്ളി.
വേളി ആക്കുളം കായലുമായി ബന്ധപ്പെട്ട തണ്ണീർത്തടം നികത്തിയാണ് കരാർ കമ്പനിയായ ടോറസ് നിർമ്മാണം നടത്തുന്നതെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇത് തെളിയിക്കാൻ സുപ്രീംകോടതി ഹർജിക്കാരന് മൂന്നാഴ്ച നൽകിയെങ്കിലും തെളിയിക്കാനായില്ല. ഇതിനിടെ ഭൂമി പരിശോധിച്ച ജില്ലാ കളക്‌ടർ, പരിസ്ഥിതി ആഘാതമുണ്ടാകില്ലെന്നും തണ്ണീർത്തടങ്ങളിലല്ല നിർമ്മാണമെന്നും റിപ്പോർട്ടും നൽകിയിരുന്നു.
ടെക്‌നോപാർക്കിന് 300 മീറ്റർ അകലെയുള്ള ഒരു ചെറിയകുളത്തെയാണ് തണ്ണീർത്തടമെന്ന് ഹർജിക്കാരൻ വിശേഷിപ്പിക്കുന്നതെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. നിലവിലെ ഹർജിയിൽ കളക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തിട്ടില്ല. ഹർജിക്കാരന് വേണമെങ്കിൽ കളക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്ത് എട്ടാഴ്ചയ്ക്കകം പുതിയ ഹർജി നൽകാമെന്ന് കോടതി പറഞ്ഞു.
₹1,500 കോടിയുടെ വികസനം
ടെക്‌നോപാർക്ക് മൂന്നാംഘട്ട വികസനത്തിന് ചെലവ് 1,500 കോടി രൂപയാണ്. 20 ലക്ഷം ചതുരശ്ര അടി ഓഫീസ്, മാൾ, മൾട്ടിപ്ലക്‌സ്, 210 മുറികളുള്ള ഹോട്ടൽ, 320 വീടുകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |