ന്യൂഡൽഹി: കൃത്യസമയത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയും ശേഷം അൺലോക്ക് പ്രഖ്യാപിച്ചുമുള്ള ശാസ്‌ത്രീയ പ്രതിരോധ നടപടികൾ മൂലം രാജ്യത്ത് കൊവിഡ് വ്യാപനം തടഞ്ഞു നിറുത്താൻ കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ മുൻപ് രോഗം നിയന്ത്രിക്കാനായ കേരളം പോലുള്ള സ്ഥലങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്യുന്നത് സന്തോഷം നൽകുന്ന കാര്യമല്ലെന്നും വൈറസ് ഇവിടെത്തന്നെ ഉണ്ടെന്ന് നാം ഓർക്കണമെന്നും വാക്സിൻ തയ്യാറായാൽ എല്ലാവർക്കും ലഭ്യമാക്കുമെന്നും ഒരു ഇംഗ്ളീഷ് പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
തുടക്കം മുതൽ മാസ്‌ക് ഉപയോഗം കർശനമാക്കിയും രോഗവ്യാപന തോതറിയാൻ മൊബൈൽ ആപ്പ് കൊണ്ടുവന്നും ആന്റിജൻ ടെസ്റ്റ് നടപ്പാക്കിയും ഇന്ത്യ ലോകത്തിന് മാതൃകയായി. എങ്കിലും രാജ്യം ഒന്നിച്ച് നിന്ന് പൊരുതിയതിനാലാണ് കൊവിഡ് നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കുറഞ്ഞ നാളുകൾകൊണ്ട് ജനങ്ങൾ പൊരുത്തപ്പെട്ടു. വിദേശരാജ്യങ്ങളെക്കാൾ വലുപ്പമുള്ള സംസ്ഥാനങ്ങളും 700ൽ അധികം ജില്ലകളുമുള്ള ഇന്ത്യയിൽ വ്യാപനം നിയന്ത്രിക്കാനായത് ചെറിയ കാര്യമല്ല. രാജ്യത്ത് ചില സ്ഥലങ്ങളിൽ മാത്രമാണ് വ്യാപനം രൂക്ഷമായത്.
മുൻപ് ഏറെ കേസുകളുണ്ടായിരുന്ന ഗുജറാത്തിലും മറ്റും ഇപ്പോൾ കേസുകൾ കുറവാണ്.
വാക്സിൻ തയ്യാറാകുമ്പോൾ എല്ലാവരിലും എത്തിക്കും. 28,000 കോൾഡ് സ്‌റ്റോറേജ് സംഭരണ കേന്ദ്രങ്ങൾ തയ്യാറാക്കും. അർഹരായവരുടെ രജിസ്ട്രേഷൻ, ട്രാക്കിംഗ്, ഡോസ് നൽകൽ എന്നിവയ്‌ക്കായി ഡിജിറ്റൽ സംവിധാനം തയ്യാറായിട്ടുണ്ട്. വാക്സിൻ നൽകാൻ സംസ്ഥാന, ജില്ലാ, പ്രാദേശിക തലത്തിൽ സംഘങ്ങൾ സജ്ജീകരിക്കും.
കൊവിഡ് കാലത്ത് പാവപ്പെട്ടവരുടെ അക്കൗണ്ടുകളിൽ നേരിട്ട് പണം എത്തിച്ചതും സാധനങ്ങൾ കൃത്യമായി വിതരണം ചെയ്‌തതും നേട്ടമാണ്. അക്കൗണ്ടുകളിൽ നേരിട്ട് പണം നിക്ഷേപിച്ചത് മൂലം അർഹരായവർക്ക് അതു ലഭ്യമാക്കാനും ഇടനിലക്കാർ വഴിയുള്ള അഴിമതി ഒഴിവാക്കാനുമായി.
അദൃശ്യനായ ശത്രുവിനെതിരെയുള്ള പോരാട്ടവും 130 ഇന്ത്യക്കാരെ അതേക്കുറിച്ച് ബോധവാൻമാരാക്കലും എളുപ്പമായിരുന്നില്ല. ജനങ്ങളുടെ ജീവനാണ് സർക്കാർ മുൻതൂക്കം നൽകിയത്. കാർഷിക മേഖലയ്‌ക്ക് എല്ലാ സഹായവും നൽകി. ഗരീബ് കല്യാൺ യോജ്ന, ആത്മനിർഭര ഭാരത് അഭിയാൻ തുടങ്ങിയ പാക്കേജുകളിലൂടെ മറ്റു വിഭാഗങ്ങളുടെ ദുരിതവുമകറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |