കൊച്ചി: നയതന്ത്ര ചാനലിലൂടെ സ്വപ്‌നയും കൂട്ടുപ്രതികളും 21 തവണ നടത്തിയ സ്വർണക്കടത്തിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സഹായം ലഭിച്ചിരുന്നതായി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കണ്ടെത്തി. കള്ളക്കടത്താണെന്ന് അറിഞ്ഞിട്ടും സഹായിച്ചു.
സ്വപ്‌നയുടെ കള്ളപ്പണ ഇടപാടുകളുടെ കടിഞ്ഞാൺ ശിവശങ്കറായിരുന്നു. സ്വപ്‌നയുടെ സാമ്പത്തിക കാര്യങ്ങളിൽ മേൽനോട്ടം വഹിച്ചെന്നും അറസ്‌റ്റ് റിപ്പോർട്ടിൽ ഇ.ഡി വ്യക്തമാക്കുന്നു.
നയതന്ത്ര ചാനലിലൂടെ എത്തിയ ബാഗേജ് വിട്ടുകിട്ടാൻ ഒരു സീനിയർ കസ്‌റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചെന്ന് ശിവശങ്കർ എൻഫോഴ്സ്‌മെന്റിനോട് സമ്മതിച്ചത് ഒക്‌ടോബർ 15നാണ്. അന്നാണ് ശിവശങ്കർ ഇ.ഡിയുടെ അറസ്‌റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് നേടിയത്. ഇതിന് തൊട്ടുപിന്നാലെ ഇ.ഡി. ഓഫീസിലെത്തി ചോദ്യംചെയ്യലിന് വിധേയനായി.
2019 ഏപ്രലിൽ കസ്‌റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചുവെന്നാണ് ശിവശങ്കർ സമ്മതിച്ചത്. നയതന്ത്രചാനലിലൂടെ സ്വർണം കടത്താൻ ജൂലായിൽ ഡമ്മി പരീക്ഷണം നടത്തിയെന്നായിരുന്നു സന്ദീപ് നായരുടെ മൊഴി. അതിനാൽ ഡെമ്മി ബാഗേജ് വിട്ടുകിട്ടാനോ, അതിന് മുമ്പുള്ള സ്വർണമടങ്ങിയ പാഴ്സൽ വിട്ടുകിട്ടാനോ ആയിരിക്കാം ശിവശങ്കർ ബന്ധപ്പെട്ടതെന്ന് ഇ.ഡി വ്യക്തമാക്കുന്നു.
ഇ.ഡിയുടെ സുപ്രധാന കണ്ടെത്തലുകൾ
1
മറ്റ് പ്രതികളുടെ മൊഴി പരിശോധിച്ചാൽ ശിവശങ്കർ കുറ്റവാളിയെന്ന് വ്യക്തം
2
പറഞ്ഞതെല്ലാം പച്ചക്കള്ളം. ചോദ്യങ്ങളിൽ നിന്ന് കൃത്യമായി ഒഴിഞ്ഞുമാറി
3
സത്യം തുറന്നു പറയാൻ നിരവധി അവസരങ്ങൾ നൽകിയിട്ടും സഹകരിച്ചില്ല
4
സ്വന്തം ചാർട്ടേഡ് അക്കൗണ്ടന്റിനെ സ്വപ്‌നയുടെ സാമ്പത്തിക കാര്യങ്ങൾ നോക്കാൻ ചുമതലപ്പെടുത്തി
കേസ്
കള്ളപ്പണം വെളിപ്പിക്കുന്നത് തടയൽ നിയമം 2002: സെക്‌ഷൻ (3)
കുറ്റകൃത്യത്തിലൂടെ നേരിട്ടോ അല്ലാതെയോ പണം സമ്പാദിക്കുന്നതും കൈകാര്യംചെയ്യുന്നതും ഇതിന് സഹായിക്കുന്നതും: സെക്‌ഷൻ (4)
മൂന്നു മുതൽ ഏഴു വർഷം വരെ കഠിനതടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |