ഹെംസ് ലിഫ്ട് നഡിൻ നാളെ കൊല്ലം പോർട്ടിൽ
കൊല്ലം: ഐ.എസ്.ആർ.ഒയ്ക്കുള്ള പ്രോജക്ട് കാർഗോയുമായി ഹെവി ലിഫ്ട് കപ്പലായ ഹെംസ് ലിഫ്ട് നഡിൻ മുംബൈയിൽ നിന്ന് കൊല്ലത്തേക്ക് യാത്ര തുടങ്ങി. ഇന്നലെ രാവിലെ പത്തോടെ നവഷെവ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ നാളെ രാവിലെ പത്തോടെ കൊല്ലം തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെതർലൻഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലാണിത്.
നവഷെവ തുറമുഖത്ത് നിന്ന് 696 നോട്ടിക്കൽ മൈൽ ദൂരമാണ് കൊല്ലം പോർട്ടിലേക്ക് ഉള്ളത്. ഏകദേശം 800 ടൺ ഭാരമുള്ള ഐ.എസ്.ആർ.ഒയുടെ ഉപകരണങ്ങൾ കപ്പലിന്റെ മൂന്ന് ഡെക്കുകളിലായി വെൽഡ് ചെയ്താണ് ഉറപ്പിച്ചിരിക്കുന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാകും ഇവ വിച്ഛേദിക്കുക. ഒരു ദിവസത്തിനുള്ളിൽ ഉപകരണങ്ങൾ ഇറക്കിയ ശേഷം നവംബർ രണ്ടിന് കപ്പൽ കൊൽക്കത്തയിലേക്ക് മടങ്ങും. ഉപകരണങ്ങൾ റോഡ് മാർഗമാകും തുമ്പയിലെ ഐ.എസ്.ആർ.ഒയുടെ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുക. പഴയ കാർഗോ ടെമിനലിലാകും കപ്പൽ അടുപ്പിക്കുക.
കൊല്ലത്ത് കപ്പൽ അടുക്കുന്നത്:
2 വർഷത്തിന് ശേഷം
ഹെംസ് ലിഫ്ട് നഡിൻ കപ്പൽ
വഹിക്കാനുള്ള ശേഷി: 4,400 മെട്രിക് ടൺ
കൊണ്ടുവരുന്നത്: 800 ടൺ
നീളം: 112 മീറ്റർ
കൂറ്റൻ ക്രെയ്നുകൾ: 2
ശേഷി: 300 ടൺ
മുംബയ് നവഷെവ - കൊല്ലം പോർട്ട്: 696 നോട്ടിക്കൽ മൈൽ
''
പ്രോജക്ട് കാർഗോ പോലെ കൂടുതൽ ഭാരമുള്ളവ വഹിക്കാൻ ശേഷിയുള്ള ക്രെയിൻ ഉള്ള കപ്പലുകൾ ഇന്ത്യയിലില്ലാത്തത് കൊണ്ടാണ് വിദേശ കപ്പൽ വാടകയ്ക്ക് എടുത്തത്.
ജോർജ് സേവ്യർ
പാക്സ് ഷിപ്പിംഗ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |