ബംഗളൂരു: ശാന്തി നഗറിലെ എൻഫോഴ്സ്‌മെന്റ് ആസ്ഥാനത്ത് ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. രാവിലെയോടെ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ഓഫീസിലേക്ക് എത്തിക്കുകയായിരുന്നു. സമീപത്തെ പൊലീസ് സ്റ്റേഷനിലാണ് ബിനീഷിനെ ഇന്നലെ പാർപ്പിച്ചത്. അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബംഗളൂരുവിൽ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും എൻഫോഴ്സ്‌മെന്റ് വിവരങ്ങൾ തേടും. അതേസമയം ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റർ ചെയ്‌ത എൻ സി ബിയും ഇന്ന് എൻഫോഴ്സ്‌മെന്റിൽ നിന്ന് വിവരങ്ങൾ തേടും.
മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയ ബിനീഷ് കോടിയേരി ബിസിനസ് മറയാക്കി കളളപ്പണം വെളുപ്പിച്ചുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ. കളളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് ബിനീഷിനെതിരെ ഇ ഡി കേസെടുത്തിരിക്കുന്നത്.
വിവിധ അക്കൗണ്ടുകളിൽ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി ഇ ഡി കണ്ടെത്തി. ഈ അക്കൗണ്ടുകളിൽ പലതും ഇപ്പോൾ നിർജീവമാണ്. അനൂപിന്റെ ഷെൽ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. 2015ൽ തുടങ്ങിയ ബി കാപ്പിറ്റലും, എ വി ജെ ഹോസ്‌പിറ്റാലിറ്റീസും എന്തിന് വേണ്ടിയാണ് തുടങ്ങിയതെന്ന് ഇ ഡി അന്വേഷിക്കും. കടലാസ് കമ്പനികൾ തുടങ്ങി, മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ബംഗളൂരു ദൂരവാണിയിൽ 2015ൽ രജിസ്റ്റർ ചെയ്‌തതാണ് ബി കാപ്പിറ്റൽ എന്ന കമ്പനി. എന്നാലിത് 2018ൽ പൂട്ടുകയും ചെയ്‌തു. 2020 ഫെബ്രുവരിയിൽ കമ്മനഹളളിയിലാണ് എ വി ജെ ഹോസ്‌പിറ്റാലിറ്റീസ് എന്ന സ്ഥാപനം തുടങ്ങിയത്. പിന്നീട് മേയ് മാസത്തിൽ ഇതിന്റെയും പ്രവർത്തനം നിർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |