തന്റെ പഴയ ചിത്രം പങ്കുവച്ചുകൊണ്ട് ബോഡി പോസിറ്റിവിറ്റിയെ കുറിച്ചുള്ള സന്ദേശവുമായി നടി കനിഹ. തന്റെ പഴയ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം തന്റെ ആരാധകരോട് ഇതേക്കുറിച്ച് സംസാരിക്കുന്നത്. താൻ തന്റെ പഴയ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ താൻ എത്ര മെലിഞ്ഞിട്ടായിരുന്നു എന്നും തന്റെ വയർ എത്ര ഒട്ടിയിട്ടായിരുന്നു എന്നും ചിന്തിച്ചുവെന്നും താരം പറയുന്നു. എന്നാൽ അൽപ്പം കഴിഞ്ഞ്, താൻ അങ്ങനെ ചിന്തിക്കേണ്ട ആവശ്യമുണ്ടോ എന്നും താൻ മുമ്പത്തേക്കാളുമേറെ തന്നെ സ്നേഹിക്കുന്നുണ്ട് ഇപ്പോഴെന്നും തന്റെ ശരീരത്തിലുള്ള എല്ലാ പാടുകൾക്കും അടയാളങ്ങൾക്കും മനോഹരമായ കഥകൾ പറയാനുണ്ടെന്നും കനിഹ പറയുന്നു. സ്വന്തം ശരീരത്തെ അംഗീകരിക്കാനും സ്നേഹിക്കാനും നാം പഠിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് കനിഹ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നടിയുടെ കുറിപ്പിന്റെ പൂർണരൂപം ചുവടെ:
'സൈ! ഇതെന്റെ ഒരു പഴയ ചിത്രമാണെന്ന് വ്യക്തമാണല്ലോ.
നിങ്ങൾ എല്ലാവരും ചെയ്യാറുള്ളത് പോലെ, എന്റെ പഴയ ചില ചിത്രങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ട് പണ്ട് എത്ര മെലിഞ്ഞിട്ടായിരുന്നുവെന്നും, എന്റെ വയർ എത്ര ഒട്ടിയിട്ടായിരുന്നു എന്നും എന്റെ തലമുടി എത്ര നല്ലതായിരുന്നു എന്നും പറയുകയായിരുന്നു ഞാൻ... ബ്ളാ ബ്ളാ ബ്ളാ...
പെട്ടെന്നാണ് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലല്ലോ എന്ന് ഞാൻ തിരിച്ചറിഞ്ഞത്. ഞാൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത്? ഇപ്പോൾ ഞാൻ എങ്ങനെയിരിക്കുന്നു എന്നതിൽ ഞാൻ സന്തുഷ്ടയല്ല എന്നാണോ അതിന്റെ അർത്ഥം?
ഒരിക്കലുമല്ല. വാസ്തവത്തിൽ മുമ്പെങ്ങും ഞാൻ എന്നെ ഇത്രയധികം സ്നേഹിച്ചിട്ടില്ല. എന്റെ ശരീരത്തിലെ പാടുകൾക്കും അടയാളങ്ങൾക്കും അതിനുള്ള കുറവുകൾക്കുമെല്ലാം മനോഹരമായ കഥകൾ പറയാനുണ്ട്. എല്ലാം പൂർണമായിരുന്നുവെങ്കിൽ പറയാൻ കഥകളുണ്ടാകില്ലല്ലോ. അല്ലേ?
നമ്മുടെ ശരീരത്തെ അംഗീകരിക്കാനും അതിനെ സ്നേഹിക്കാനും പഠിക്കുന്നത് വളരെയേറെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. മറ്റുള്ളവരോട് സ്വയം താരതമ്യം ചെയ്യുന്നത് ദയവുചെയ്ത് അവസാനിപ്പിക്കുക.
നമ്മുക്കെല്ലാവർക്കും വ്യത്യസ്തമായ കഥകൾ പറയാനായി ഉണ്ട്...
എന്തെങ്കിലും കുറവുണ്ടെന്ന തോന്നൽ ദയവായി അവസാനിപ്പിക്കണം...
നിങ്ങളുടെ ആ ശരീരത്തെ സ്നേഹിക്കാൻ തുടങ്ങുക...
നിങ്ങളെ ശരീരത്തെ ആരെങ്കിലും മോശമാക്കി കാണിക്കാൻ ശ്രമിച്ചാൽ, അവർക്ക് നേരെ നടുവിരൽ ഉയർത്തിക്കാണിച്ച ശേഷം നടന്നങ്ങ് പോകുക!'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |