ബംഗളുരു: ഇന്ത്യയിൽ ഏറ്റവും മികച്ച ഭരണം നിലനിൽക്കുന്ന സംസ്ഥാനമായി കേരളം. ബംഗളുരുവിലെ 'പബ്ലിക് അഫയേഴ്സ് സെന്റർ' എന്ന സംഘടനയുടെ വാർഷിക റിപ്പോർട്ടായ 'പബ്ലിക് അഫയേഴ്സ് ഇൻഡക്സ് 2020'ലാണ് ഭരണനിർവഹണത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപിൽ കേരളമെത്തിയത്. തുടർച്ചയായി നാലാം തവണയാണ് കേരളം ഈ അംഗീകാരം നേടുന്നത്. മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. കസ്‌തൂരിരംഗൻ നയിക്കുന്ന സംഘടനയാണ് പബ്ലിക് അഫയേഴ്സ് സെന്റർ. തെക്കേ ഇന്ത്യയിൽ നിന്നുമുള്ള നാല് സംസ്ഥാനങ്ങളാണ് പട്ടികയിൽ മുമ്പിലുള്ളത്.
1.388 പി.എ.ഐ ഇൻഡക്സ് പോയിന്റ് ആണ് ഇതിൽ കേരളത്തിന്റെ സ്‌കോർ. 0.912, 0.531, 0.468 എന്നീ സ്കോറുകളുമായി യഥാക്രമം തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന്റെ പിന്നിലായി ഉള്ളത്. ചെറിയ സംസ്ഥാനങ്ങളിൽ ഭരണത്തിന്റെ കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത് ഗോവ, മേഘാലയ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. 1.745, 0.797, 0.725 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങൾ നേടിയ സ്‌കോർ.
ഏറ്റവും മോശം ഭരണം നിലനിൽക്കുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്. -1.461 ആണ് യോഗി ആദിത്യനാഥ് ഭരിക്കുന്ന സംസ്ഥാനത്തിന്റെ സ്‌കോർ. ഒഡിഷ, ബിഹാർ എന്നീ സംസ്ഥാനങ്ങളും ഏറ്റവും മോശം ഭരണം നിലനിൽക്കുന്നവയാണ്. -1.201, -1.158 എന്നിങ്ങനെയാണ് രണ്ട് സംസ്ഥാനങ്ങളും നേടിയ സ്‌കോർ. മണിപ്പൂർ(-0.363), ഡൽഹി(-0.289), ഉത്തരാഖണ്ഡ്(-0.277) എന്നീ സംസ്ഥാങ്ങളിലും വളരെ മോശം ഭരണമാണ് നിലനിൽക്കുന്നതെന്നും പട്ടിക സൂചിപ്പിക്കുന്നു.
ഏറ്റവും മികച്ച ഭരണനിർവഹണം കാഴ്ചവയ്ക്കുന്ന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒന്നാമതെത്തിയത് ചണ്ഡിഗറാണ്(1.05 പി.ഐ.എ പോയിന്റുകൾ). ചണ്ഡിഗറിന് പുറകിലായി പുതുച്ചേരി(0.52) ലക്ഷ്വദ്വീപ്(0.003) എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ട്. ദാദർ ആൻഡ് നാഗർ ഹവേലി(-0.69) ആൻഡമാൻ(-0.50), ജമ്മു കാശ്മീർ(-0.50), നിക്കോബാർ(-0.30) എന്നിവിടങ്ങളിൽ മോശം ഭരണമാണ് നിലനിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |