കോട്ടയം : നഗരത്തെ വിറപ്പിച്ച ഹണിട്രാപ്പ് സംഘം ലക്ഷ്യമിട്ടത് ഉന്നത രാഷ്ട്രീയ നേതാവിനെയും സ്വർണക്കട മുതലാളിയെയുമെന്ന് പൊലീസ്. ഇവരിൽ നിന്ന് കോടികൾ തട്ടുക എന്ന ലക്ഷ്യത്തോടെ സംഘം പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ചിങ്ങവനത്തെ സ്വർണ വ്യാപാരി കെണിയിലാകുന്നതും പ്രതികൾ പൊലീസ് പിടിയിലായതും. കേസിലെ മുഖ്യ ആസൂത്രകൻ തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൗഷാദ് (41), ഇയാളുടെ മൂന്നാം ഭാര്യ തൃക്കരിപ്പൂർ എളമ്പച്ചി പുത്തൻ പുരയിൽ ഫസീല (34), ഉദിനൂർ സ്വദേശി അൻസാർ (23), അൻസാറിന്റെ ഭാര്യ സുമ (30) എന്നിവരെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. രണ്ടു പ്രതികളായ പ്രവീണിനെയും മുഹമ്മദ് ഹാനിഷിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കോട്ടയത്തെ പ്രമുഖ രാഷ്ട്രീയക്കാരനെ സ്ഥലം ഇടപാടിനെന്ന പേരിലാണ് പ്രതികൾ സമീപിച്ചത്. ഹണിട്രാപ്പ് കെണിയൊരുക്കുന്ന സ്ത്രീകളിൽ ഒരാൾ താൻ വിധവയാണെന്നാണ് നേതാവിനോട് പറഞ്ഞത്. വീട്ടിലെത്തിയ പ്രതികൾ നേരിട്ട് സംസാരിച്ചു. സ്ഥലം വില്പനയ്ക്കായി എത്താൻ നിർദേശിച്ച തീയതിയ്ക്ക് തൊട്ടു മുൻപാണ് ഇവർ പിടിയിലായത്. സ്വർണം വിൽക്കാനുണ്ടെന്ന വ്യാജേനയാണ് കോട്ടയം നഗരത്തിലെ സ്വർണ വ്യാപാരിയെ സംഘം കുടുക്കാൻ ശ്രമിച്ചത്. ഫ്ളാറ്റിൽ എത്താൻ പ്രതികൾ ആവശ്യപ്പെട്ടെങ്കിലും ജുവലറിയിൽ നേരിട്ടെത്താൻ വ്യാപാരി അറിയിച്ചു. വീണ്ടും രണ്ടു തവണ കൂടി സംഘം ബന്ധപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
ആസൂത്രകൻ കുപ്രസിദ്ധ ഗുണ്ട
കുടമാളൂർ സ്വദേശിയും കണ്ണൂരിൽ കൊലക്കേസ് പ്രതിയുമായ കുപ്രസിദ്ധ ഗുണ്ടയാണ് കേസിലെ പ്രധാന ആസൂത്രകൻ. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ബംഗളൂരുവിലുണ്ടെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |