തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ വകുപ്പിൽ വീണ്ടും ബന്ധുനിയമന വിവാദം. ചട്ടങ്ങൾ മറികടന്ന് മന്ത്രി അനധികൃത നിയമനത്തിനൊരുങ്ങുന്നുവെന്നാണ് വിവരം. ബന്ധു ഉൾപ്പടെ 13 പേരെയാണ് മന്ത്രി തന്റെ വകുപ്പിന് കീഴിലെ ന്യൂനപക്ഷ ക്ഷേമ ഡയറക്‌ടറേറ്റിൽ സ്ഥിരപ്പെടുത്താൻ നോക്കുന്നത്. ഇതു സംബന്ധിച്ച ഫയലിൽ മന്ത്രി ഒപ്പുവച്ചു.
യു ഡി എഫ് സർക്കാരിന്റെ കാലത്ത് താത്കാലികമായി നിയമിച്ച എഴുപതോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പകരം നിയമിച്ച ചിലരെ സ്ഥിരപ്പെടുത്താനാണ് നീക്കം. യോഗ്യരായവരെ മാറ്റി നിർത്തി കൊണ്ടുളള നിയമനത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തത് നേരത്തെ വിവാദമായിരുന്നു. ഇന്റർവ്യൂവും റാങ്ക് ലിസ്റ്റുമില്ലാതെയാണ് നിയമനം നടത്തുന്നത്. ഇക്കൂട്ടത്തിൽ മന്ത്രിയുടെ ബന്ധുവിനെ കൂടാതെ സി പി എം അനുഭാവികളാണുളളത്. യോഗ്യത ഇല്ലാത്തവരെ ഇക്കൂട്ടത്തിൽ തിരികി കയറ്റിയതായാണ് ആക്ഷേപം.
നിയമനം സംബന്ധിച്ച് വിജിലൻസിൽ പരാതി പോവുകയും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് പരിശോധന നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ ഈ അന്വേഷണം പിന്നീട് അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം. മന്ത്രി കെ ടി ജലീലിന്റെ നിർദേശപ്രകാരം ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്‌ടർ എ ബി മൊയ്‌തീൻ കുട്ടിയാണ് ഇതു സംബന്ധിച്ച ഫയൽ പൊതുഭരണവകുപ്പിന് സമർപ്പിച്ചത്. ഫയൽ തുടർ നടപടികൾക്കായി മന്ത്രി ഒപ്പിട്ട് നൽകിയിട്ടുണ്ട്.
2018ൽ ഈ 13 പേരെയും സ്ഥിരപ്പെടുത്താൻ നീക്കം നടത്തിയപ്പോൾ ധനവകുപ്പ് ഫയൽ മടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ധനവകുപ്പോ നിയമവകുപ്പോ അറിയാതെയാണ് ഇപ്പോൾ സ്ഥിരപ്പെടുത്താൻ നീക്കങ്ങൾ നടക്കുന്നത്. വളരെ രഹസ്യമാക്കിയാണ് ഫയൽ നടപടികൾ നീങ്ങിയത്. ആദ്യം പേപ്പർ ഫയലായി നീങ്ങിയെങ്കിലും പിന്നീട് സെക്രട്ടറിയുടെ നിർബന്ധപ്രകാരം ഇ-ഫയൽ ആക്കുകയായിരുന്നു. അനധികൃതമായ സ്ഥിരപ്പെടുത്തലിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വകുപ്പിലെ മറ്റ് ജീവനക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |