കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പ്രഖ്യാപിച്ച ഇളവുകളും ആനുകൂല്യങ്ങളും കേരളത്തിലെ റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്കും ചെറുകിട - ഇടത്തരം സംരംഭങ്ങൾക്കും ആശ്വാസമാകും.
കൊവിഡിന് മുന്നേ തളർച്ചയുടെ ട്രാക്കിലായിരുന്ന കേരളത്തിന്റെ റിയൽ എസ്‌റ്റേറ്റ് മേഖല കഴിഞ്ഞ ഏപ്രിലിലെ കണക്കുപ്രകാരം മാത്രം കുറിച്ചത് 3,500 കോടി രൂപയുടെ വില്പനനഷ്‌ടമാണ്. ശരാശരി 70 ലക്ഷം രൂപ മതിക്കുന്ന 5,000ഓളം ഭവനപദ്ധതികളാണ് വിറ്റഴിയാതെ കിടന്നത്. നിലവിൽ നഷ്‌ടം 5,000 കോടി രൂപയോളമാണ്.
രണ്ടുകോടി രൂപവരെയുള്ള പദ്ധതികൾക്കാണ് ഇന്നലെ ധനമന്ത്രി ആദായ നികുതി ഇളവ് പ്രഖ്യാപിച്ചത്. ഇത്, കേരളത്തിലെ പദ്ധതികൾക്കും ഉണർവാകും. പ്രൊജക്‌ട് വിലയും (സർക്കിൾ റേറ്റ്) വില്പന വിലയും തമ്മിലെ അന്തരം 10 ശതമാനത്തിന് മുകളിലാണെങ്കിൽ നിലവിൽ ആനുകൂല്യം ലഭിക്കില്ല. എന്നാൽ, ഇന്നലെ ധനമന്ത്രി ഇത് 20 ശതമാനത്തിലേക്ക് ഉയർത്തിയത് വീട് വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഗുണം ചെയ്യും.
അതായത്, സർക്കിൾ റേറ്റിനേക്കാൾ 20 ശതമാനം വരെ കുറഞ്ഞ വില്പനവിലയ്ക്കും ഇനിമുതൽ ആദായനികുതി ഇളവ് ലഭിക്കും. അടുത്ത ജൂൺ 30നകം വിൽക്കുന്ന രണ്ടു കോടി രൂപവരെയുള്ള, ആദ്യമായി വാങ്ങുന്ന വീടുകൾക്കാണ് ഇളവ് ബാധകം. കഴിഞ്ഞമാസം ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ രണ്ടുകോടി രൂപയിൽ താഴെ വിലയുള്ള ആറുകോടിയോളം ഭവന പദ്ധതികളാണ്.
എം.എസ്.എം.ഇകൾക്ക്
ആശ്വാസം
കൊവിഡ് കാലത്ത് ഏറ്റവുമധികം തിരിച്ചടി നേരിട്ട എം.എസ്.എം.ഇകൾക്ക് മൂലധനം ഉറപ്പാക്കാൻ പ്രഖ്യാപിച്ചതാണ് 100 ശതമാനം ഈടുരഹിതമായ പ്രത്യേക ഇ.സി.എൽ.ജി.എസ് വായ്‌പ. ഇതിന്റെ കാലാവധി കഴിഞ്ഞമാസം അവസാനിച്ചതാണ്. എന്നാൽ, മൂന്നുലക്ഷം കോടി രൂപയുടെ പദ്ധതിയിൽ 2.05 ലക്ഷം കോടി രൂപയുടെ വായ്‌പയാണ് ഇതിനകം ബാങ്കുകൾ അനുവദിച്ചത്.
ഈ സാഹചര്യത്തിലാണ് കാലാവധി കേന്ദ്രം മാർച്ചിലേക്ക് നീട്ടിയത്. ഈ പദ്ധതിയിൽ ഉൾപ്പെടാത്ത 26 മേഖലകൾക്ക് പ്രയോജനപ്പെടും വിധമാണ് ഇ.സി.എൽ.ജി.എസ് 2.0യുടെ പ്രഖ്യാപനം.
ഒക്‌ടോബർ 10 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ നൽകിയ വായ്‌പ 2,697 കോടി രൂപ
1.36 ലക്ഷം സംരംഭകർക്ക് പ്രയോജനം ലഭിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |