നെമ്മാറ: രോഗിയുടെ വീട്ടിലെത്തി ചികിത്സ നിർദ്ദേശിക്കുന്ന "ഹോം കെയർ" പദ്ധതിക്ക് നെമ്മാറ അവൈറ്റിസ് ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഹോം കെയറിനു വേണ്ടി പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള വാഹനം അവൈറ്റിസ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ജ്യോതി പാലാട്ടും ശാന്തി പ്രമോദും ചേർന്നു ഫ്ലാഗ് ഒഫ് ചെയ്തു നിർവഹിച്ചു.
നേരിട്ട് ആശുപത്രിയിലെത്തി ചികിത്സ നേടാൻ സാധിക്കാത്ത രോഗികളെയും കിടപ്പിലായ രോഗികളായ കുട്ടികളെയും മുതിർന്നവരെയും വൃദ്ധജനങ്ങളെയും ഉദ്ദേശിച്ചുള്ളതാണ് "ഹോം കെയർ" പദ്ധതിയെന്നു ശാന്തി പ്രമോദും ജ്യോതി പാലാട്ടും പറഞ്ഞു.
ലബോറട്ടറി പരിശോധനക്കുള്ള സാമ്പിളുകൾ വീടുകളെത്തി ശേഖരിക്കുക, ഇ.സി.ജി, ഓകിസിജൻ സിലിണ്ടർ, റൈൽസ് ട്യൂബ്, യൂറിൻ കത്തീറ്റർ എന്നിവ ആവശ്യമായവർക്ക് അതുൾപ്പടെയുള്ള സാങ്കേതിക സംവിധാനങ്ങളും സൗകര്യങ്ങളും ഹോം കെയറിന്റെ സേവനത്തിലൂടെ ലഭ്യമാകും. ഈ സംവിധാനം ആവശ്യമുള്ള രോഗികൾക്കോ കുടുംബാംഗങ്ങൾക്കോ ഇതിനായി ഹോം കെയറിലേക്കു ബന്ധപ്പെടാം. ശനി,ഞായർ ഒഴികെ ഉള്ള ദിവസങ്ങളിൽ ഉച്ചക്കു 3 മുതൽ വൈകുന്നേരം 6 മണി വരെയാണ് ഈ സേവനം ലഭ്യമാകുക. അവൈറ്റിസ് ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ നിന്നും 15 കിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ഹോം കെയർ പദ്ധതിയുടെ സേവനം പരിമിതപ്പെടുത്തിയിട്ടുള്ളത്.
രോഗികളുടെ സൗകര്യാർത്ഥം പദ്ധതി വിപുലപ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്നു അവൈറ്റിസ് സി.ഇ.ഒ ഡോക്ടർ പി.മോഹനകൃഷ്ണൻ പറഞ്ഞു. പരിശോധനകളും ചികിത്സയും വീടിന്റെ അന്തരീക്ഷത്തിൽ ലഭിക്കുന്നത് രോഗിക്ക് വളരെയധികം ഗുണം ചെയ്യുമെന്നതാണ് ഈ ഹോം കെയർ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |