മീനങ്ങാടി: പനമരം പ്രാഥമിക സർവിസ് സഹകരണ ബാങ്കിൽ 2002-ലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ സ്വദേശി രാജീവൻ കസ്റ്റഡിയിലായി. പോരാട്ടം സംഘടനയുടെ സംസ്ഥാന സമിതി അംഗം മീനങ്ങാടിയിലെ തങ്കമ്മയുടെ ഭർത്താവാണ്. ഇരുവർക്കും മാവോയിസ്റ്റ് സംഘടനാ നേതാക്കളുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്.
ബാങ്കിൽ ആയുധങ്ങളും പെട്രോളുമായി അതിക്രമിച്ച് കയറിയ സംഘം ഫയലുകൾക്ക് തീയിടുകയായിരുന്നു. 2002 നവംബർ 08 നായിരുന്നു സംഭവം.
തങ്കമ്മയുടെ മീനങ്ങാടി പാതിരിപ്പാലം ആവയൽ കോളനിയിലെ വീട്ടിൽ മീനങ്ങാടി പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നു മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും പുസ്തങ്ങളും പിടികൂടിയതായി ജില്ലാ പൊലീസ്‌മേധാവി ജി പൂങ്കുഴലി പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ കൽപ്പറ്റയിലേക്ക് എത്തുന്നുണ്ട്. ഐ ബി ഉദ്യോഗസ്ഥരും കർണാടക പൊലീസ് സംഘവും വൈകാതെ എത്തും.
ചോദ്യം ചെയ്യൽ പൂർത്തിയാവുന്നതോടെ മാത്രമെ കാര്യങ്ങൾ കൂടുതൽ വിവരങ്ങൾ പറയാനാവൂ എന്ന് വയനാട് ജില്ലാ പൊലീസ് ചീഫ് ജി.പൂങ്കുഴലി പറഞ്ഞു.
പൊലീസ് വയനാട്ടിൽ ഭീകരത സൃഷ്ടിക്കുകയാണെന്ന് പോരാട്ടം സംസ്ഥാന സമിതി കൺവീനർ ഷാന്റോ ലാൽ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |