ന്യൂഡൽഹി: ഇടുക്കി ജില്ലയിൽ മാത്രമായി വാണിജ്യാവശ്യങ്ങൾക്ക് പട്ടയഭൂമിയിൽ കെട്ടിട നിർമ്മാണം നിയന്ത്രിക്കുന്നതിന് കഴിയില്ലെന്ന് സുപ്രിംകോടതിയും. മുൻപ് ഇതേ കാര്യങ്ങൾ വ്യക്തമാക്കി ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഭൂപതിവ് ചട്ടഭേദഗതി സംസ്ഥാനത്തിന് മുഴുവൻ ബാധകമാക്കണം.
ഓഗസ്‌റ്റ് 22ന് പുറത്തിറക്കിയ ഭൂപതിവ് ചട്ടഭേദഗതി മൂലം ഇടുക്കി ജില്ലയിലും എട്ട് വില്ലേജുകളിലും പട്ടയഭൂമിയിൽ വാണിജ്യാവശ്യങ്ങൾക്ക് കെട്ടിടം പണിയുന്നതിന് റവന്യൂവകുപ്പിന്റെ നോ ഒബ്‌ജക്‌ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. ഇത് ജില്ലയിലെ ജനങ്ങൾക്കിടയിൽ വ്യാപകമായി രോഷം ഉളവാക്കിയിരുന്നു. ഭൂപതിവ് നിയമത്തിലെയും അനുബന്ധ ചട്ടത്തിലെയും വ്യവസ്ഥകൾ കേരളത്തിലാകെ നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഒരു ജില്ലയിൽ മാത്രമായി എങ്ങനെയാണ് നിയന്ത്രണം നടപ്പാക്കുകയെന്ന് കേസ് വാദം കേട്ട ജസ്‌റ്റിസുമാരായ അബ്‌ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവർ ചോദിച്ചു. ഹൈക്കോടതി ഉത്തരവ് നിയമനിർമ്മാണത്തിന് സർക്കാരിനുളള അധികാരത്തിന്മേലുളള കടന്നുകയറ്റമാണെന്ന് സർക്കാർ അഭിഭാഷകർ കോടതിയിൽ വാദിച്ചു. അതേസമയം ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിന് സർക്കാരിനെതിരെ കോടതി കൈക്കൊണ്ട കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി ഇടപെട്ടില്ല.
കേസിലെ എതിർകക്ഷികളായ ലാലി ജോർജ്ജ്,അതിജീവന പോരാട്ട വേദി എന്നിവർക്ക് വേണ്ടി പി.ചിദംബരവും, മാത്യു കുഴൽനാടനുമാണ് കോടതിയിൽ ഹാജരായത്. പട്ടയഭൂമിയിൽ നിർമ്മാണം പാടില്ല എന്ന നിലപാട് തെറ്റാണെന്ന് അഭിഭാഷകർ വാദിച്ചു. സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് കേരളമാകെ ഭൂപതിവ് നിയമ ചട്ട വ്യവസ്ഥകൾ നടപ്പാക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |