കെ.ബാബുവിനും ശിവകുമാറിനും എതിരെയും അന്വേഷണം
അന്വേഷണം ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉൾപ്പെടുത്തി കേന്ദ്ര ഏൻസികൾ നടത്തുന്ന അഴിമതിക്കേസ് അന്വേഷണങ്ങളെ തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണായുധമാക്കുന്ന യു.ഡി.എഫിന് അതേ നാണയത്തിൽ മറുപടി നൽകി, ബാർ കോഴക്കേസിൽ ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. മുൻമന്ത്റിമാരായ കെ.ബാബു, വി.എസ്. ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണം നടത്തും.
കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ടതിനാൽ ഫയൽ രാജ്ഭവനിലേക്ക് അയച്ചിരിക്കുകയാണ്. ഗവർണറുടെ നിലപാട് നിർണായകമാവും. വി.എസ്. ശിവകുമാർ എം.എൽ.എ ആയതിനാൽ അന്വേഷണത്തിന് സ്പീക്കറുടെ അനുമതിയും തേടിയിട്ടുണ്ട്.
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബാർ കോഴക്കേസ് വീണ്ടും സജീവമാവുന്നത്. പൂട്ടിക്കിടന്ന 418 ബാറുകളുടെ ലെെസൻസ് പുതുക്കാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിലെ ധനമന്ത്രി കെ.എം.മാണിക്ക് ഒരു കോടി രൂപ കോഴ നൽകിയെന്ന് ബാർഹോട്ടൽ ഉടമകളുടെ സംഘടനാ നേതാവ് ബിജുരമേശ് 2014ൽ ചാനൽചർച്ചയിൽ വെളിപ്പെടുത്തിയതാണ് കേസിന്റെ തുടക്കം. രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്. ശിവകുമാർ എന്നിവർക്ക് പണം എത്തിച്ചെന്ന് കഴിഞ്ഞ മാസം ബിജു വെളിപ്പെടുത്തിയതാണ് പുതിയ കേസിനാധാരം.
ബിജുവിന്റെ വെളിപ്പെടുത്തലിൽ കഴമ്പുണ്ടെന്ന് രഹസ്യ പരിശോധനയിൽ കണ്ട വിജിലൻസ് പ്രാഥമികാന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടി. മുഖ്യമന്ത്രി ഇന്നലെ അനുമതി നൽകുകയും ചെയ്തു. ബാർകോഴക്കേസ് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി പ്രചാരണായുധമാക്കുമെന്ന് ഒക്ടോബർ 21ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, ബാർകോഴ ആരോപണത്തിൽ നിന്ന് പിൻമാറാൻ ജോസ് കെ.മാണി 10 കോടി വാഗ്ദാനം ചെയ്തെന്ന ബിജു രമേശിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.
അനുമതി നൽകരുതെന്ന് ഗവർണറോട് ചെന്നിത്തല
ബാർക്കോഴ ആരോപണം വിജിലൻസ് രണ്ടു തവണ അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് കോടതിയെ അറിയിച്ചതിനാൽ പുതിയ അന്വേഷണത്തിന് അനുമതി നൽകരുതെന്ന് ചെന്നിത്തല ഗവർണർക്കു കത്ത് നൽകിയിട്ടുണ്ട്. ഇതേ വിഷയത്തിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിലും ഹൈക്കോടതിയിലും കേസുകളുണ്ട്. തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം വീണ്ടും അന്വേഷിക്കാനുള്ള നീക്കം രാഷ്ട്രീയപ്രേരിതവും നിയമസാധുത ഇല്ലാത്തതുമാണെന്നും കത്തിൽ പറയുന്നു.
ബിജുവിന്റെ ആരോപണം
എക്സൈസ് മന്ത്രിയായിരുന്ന കെ.ബാബുവിന്റെ നിർദ്ദേശമനുസരിച്ച് ബാറുടമകളിൽ നിന്ന് പത്തു കോടി രൂപ പിരിച്ചെടുത്തു. 50 ലക്ഷം ബാബുവിന്റെ ഓഫീസിലും ഒരു കോടി ചെന്നിത്തലയുടെ കെ.പി.സി.സിയിലെ ഓഫീസിലും എത്തിച്ചു. 25ലക്ഷം ആരോഗ്യമന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിന്റെ വീട്ടിലെത്തിച്ചു. കെ.ബാബുവിന്റെ നിർദ്ദേശപ്രകാരം മറ്റു പലർക്കും പണം നൽകി.
വിജിലൻസ് ഇനി
ബിജു രമേശിന്റെ മൊഴിയെടുക്കും. സാക്ഷിമൊഴികളും തെളിവുകളും പരിശോധിച്ച് എഫ്.ഐ.ആർ ആവശ്യമെങ്കിൽ സർക്കാരിനെ അറിയിക്കും
എസ്.പി.നിശാന്തിനിയുടെ സംഘം തെളിവുകൾ അട്ടിമറിച്ചെന്ന ബിജു രമേശിന്റെ ആരോപണവും അന്വേഷിക്കും
ബാബുവിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് കോഴ നൽകിയതിന് മുഹമ്മദ് റഫീഖ് എന്ന ദൃക്‌സാക്ഷിയുണ്ടെന്ന് ബിജു രമേശ് പറഞ്ഞത് നിർണായകം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |