മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. ഹാസ്യ കഥാപാത്രങ്ങളും ഇമോഷണല്‍ രംഗങ്ങളുമെല്ലാം ഒരേപോലെ ചെയ്ത് ഫലിപ്പിക്കാന്‍ സാധിക്കുന്ന അപൂര്‍വ്വം ചില അഭിനേതാക്കളില്‍ ഒരാള്‍. ഉര്‍വശിയുടെ എക്കാലത്തേയും ജനപ്രിയ സിനിമകളിലൊന്നാണ് തലയണമന്ത്രം. ഇന്നും പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണുന്ന ചിത്രങ്ങളിലൊന്ന്.
ശ്രീനിവാസന്‍, ജയറാം, പാര്‍വതി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രമായിരുന്നു തലയണമന്ത്രം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ശ്രീനിവാസനായിരുന്നു. ചിത്രത്തിലെ ഉര്‍വശിയുടെ നായിക കഥാപാത്രം നായികാസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു. ഇപ്പോഴിതാ ഇന്നത്തെ കാലത്താണ് ആ സിനിമ ഒരുങ്ങുന്നതെങ്കില്‍ ആരായിരിക്കും കാഞ്ചനയാവുക എന്ന് പറയുകയാണ് ഉര്‍വശി.
''കാഞ്ചനയെ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരുപാട് കുട്ടികള്‍ പുതിയ കാലത്തുണ്ട്. എന്നാലും ആ കഥാപാത്രത്തിന് ഏറ്റവും യോജിക്കുക അനുശ്രീയാവും എന്നു തോന്നുന്നു. ആ കുട്ടിയ്ക്ക് അതിനു വേണ്ടി പ്രത്യേകിച്ച് എക്‌സ്പ്രഷന്‍ ഒന്നും കൊടുക്കേണ്ടി വരില്ലെന്നു തോന്നുന്നു. 'ഡയമണ്ട് നെക്ലേസ്' ഒക്കെ കണ്ടതിനു ശേഷം തോന്നിയതാണ്'' ഉര്‍വശി പറയുന്നു. ഡയമണ്ട് നെക്ലേസിലൂടെ അരങ്ങേറിയ നടിയാണ് അനുശ്രീ. ഹാസ്യം കൈകാര്യം ചെയ്യാന്‍ അനുശ്രീയ്ക്ക് നല്ല കഴിവുണ്ടെന്നാണ് ഉര്‍വശി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |