ഭോപ്പാൽ: ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ലാബ്രഡോർ റിട്രീവറിനെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പൊലീസ്. മദ്ധ്യപ്രദേശിലെ ഹോഷംഗബാദിലാണ് സംഭവം. നായ തന്റേതാണെന്ന അവകാശവാദമുന്നയിച്ച് രണ്ട് പേരാണ് രംഗത്തെത്തിയിരിക്കുന്നത്.ഡിഎൻഎ പരിശോധനയിലൂടെ ലാബിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ലാബ്രഡോർ റിട്രീവറിന്റെ ഉടമസ്ഥനാണെന്ന് അവകാശപ്പെട്ട് പത്രപ്രവർത്തകനായ ഷാദാബ് ഖാനും, എബിവിപി നേതാവ് കാർത്തിക് ശിവാരെയുമാണ് എത്തിയത്. കാണാതായ തന്റെ കറുത്ത ലാബ്രഡോർ 'കൊക്കോയെ' ശിവാരെ ബന്ദിയാക്കിയിരുന്നുവെന്ന് ഷാദാബ് ഖാൻ ആരോപിച്ചു.
തന്റെ മൂന്നു വയസുള്ള നായ കൊക്കോയെ കാണാനില്ലെന്ന് കാണിച്ച് മൂന്ന് മാസം മുമ്പ് ഷാദാബ് ഖാൻ പരാതി നൽകിയിരുന്നുവെന്ന് ഹോഷംഗാബാദ് പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഹേമന്ത് ശ്രീവാസ്തവ പറഞ്ഞു.എന്നാൽ നായ തന്റേതാണെന്നും, ഷാദാബ് കള്ളം പറയുകയാണെന്ന് ശിവാരെയും ആരോപിക്കുന്നു.
രണ്ടുപേരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതായതോടെ പൊലീസ് ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു. നായയുടെ മാതാപിതാക്കൾ പഞ്ച്മരിയിലാണെന്ന് ഷാദാബും, ഇറ്റാർസിയിലാണെന്ന് ശിവഹാരെയും പറഞ്ഞു. തുടർന്ന് നായയുടെ മാതാപിതാക്കളുടെ രക്തസാമ്പിളുകൾ ശേഖരിക്കുന്നതിനായി ഇരു സ്ഥലങ്ങളിലേക്കും പൊലീസ് ടീമിനെ അയച്ചു.രക്തസാമ്പിളുകൾ ജില്ലാ വെറ്ററിനറി ഡോക്ടർക്ക് കൈമാറിയിട്ടുണ്ട്. ഡിഎൻഎ ഫലം വരുന്നതുവരെ നായയെ സംരക്ഷിക്കാൻ ശിവാരയ്ക്ക് നൽകാൻ പൊലീസ് തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |