ലണ്ടൻ: ഓക്‌സ്‌ഫോഡ് സർവകലാശാലയുമായി ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിൻ 90 ശതമാനം വരെ ഫലപ്രദമാണെന്ന് മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രസെനേക. വാക്‌സിന് ഗുരുതര പാർശ്വഫലങ്ങളൊന്നും ഇല്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തിൽ വ്യക്തമായതായാണ് വിശദീകരണം.
കൊവിഡിനെ പ്രതിരോധിക്കാൻ വളരെയധികം ശേഷിയുളളതാണ് ഈ വാക്‌സിനെന്നും ഇതിന്റെ ഫലപ്രാപ്‌തിയും സുരക്ഷാ പരിശോധനകളും ഇക്കാര്യം ഉറപ്പുനൽകുന്നതായും ആസ്ട്രസെനേക മേധാവി പാസ്‌കൽ സോറിയോട്ട് പ്രസ്‌താവനയിൽ അറിയിച്ചു. ലോകത്തെങ്ങുമുളള വിതരണത്തിന് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് നൂറു കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് ഉദേശിക്കുന്നത്.
ഒരു മാസത്തെ ഇടവേളയിൽ ആദ്യം പകുതി ഡോസും പിന്നീട് മുഴുവൻ ഡോസും നൽകിയപ്പോൾ ഫലപ്രാപ്‌തി 90 ശതമാനം ആണെന്ന് കണ്ടെത്തി. ഒരുമാസം ഇടവിട്ടുളള രണ്ട് പൂർണ ഡോസുകൾ നൽകിയപ്പോൾ 62 ശതമാനം ആയിരുന്നു ഫലപ്രാപ്‌തി. പരീക്ഷണത്തിന്റെ ശരാശരി ഫലപ്രാപ്‌തി എഴുപത് ശതമാനമാണ്. രണ്ട് തരത്തിലുളള ഡോസുകളിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കണ്ടെത്താനായില്ലെന്നും കമ്പനി പറയുന്നു.
അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിക്കുന്ന വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. മറ്റൊരു അമേരിക്കൻ കമ്പനിയായ മൊഡേർണ വികസിപ്പിക്കുന്ന വാക്‌സിന് 94.5 ശതമാനം ഫലപ്രാപ്‌തിയുണ്ടെന്നും കഴിഞ്ഞദിവസം കമ്പനി പ്രസ്‌താവനയിൽ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |