മുംബയ് : മഹാരാഷ്ട്രയിലെ ശിവസേന സർക്കാരുമായി കൊമ്പുകോർത്ത നടി കങ്കണയെയും സഹോദരിയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച പൊലീസ് നടപടി വിവാദത്തിലേക്ക്. പൊലീസ് നടപടിയെ ചോദ്യം ചെയ്ത് കൊണ്ട് സഹോദരിമാർ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മുംബയ് പൊലീസ് തങ്ങൾക്ക് എതിരെ ഇട്ട എഫ് ഐ ആർ റദ്ദാക്കണമെന്നും, ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടപടി സ്റ്റേ ചെയ്യണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനവാർ അലി സയ്യിദ് കോടതിയിൽ നൽകിയ പരാതിയാണ് കേസിന് ആധാരമായത്. ട്വിറ്റർ ഹാൻഡിലിലെ വിദ്വേഷ പോസ്റ്റുകളും അഭിമുഖങ്ങളിൽ നൽകിയ പ്രസ്താവനകളെയും ചോദ്യം ചെയ്തു കൊണ്ടാണ് ഇയാൾ പരാതി നൽകിയിരുന്നത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ വിദ്വേഷവും സാമുദായിക സംഘർഷവും സൃഷ്ടിക്കാൻ ശ്രമിച്ചു എന്നതാണ് സഹോദരിമാർക്ക് നേരെ ഉയർത്തുന്ന ആരോപണം. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഇരു മത വിഭാഗത്തിൽപ്പെട്ടവരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു എന്നും പരാതിയിൽ ആരോപിക്കുന്നു.
ബാന്ദ്ര മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുൻപാകെ നൽകിയ പരാതി കോടതി പരിശോധിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകുവാൻ പൊലീസ് സിനിമാ താരത്തിനോടും സഹോദരിയോടും ആവശ്യപ്പെടുകയായിരുന്നു. ബാന്ദ്ര പോലീസ് സ്റ്റേഷനിൽ ഐപിസി സെക്ഷൻ 153 എ , 295 എ, 124 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിഭാഷകൻ റിസ്വാൻ സിദ്ദിഖി മുഖേനയാണ് കങ്കണയും സഹോദരിയും ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |