താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി നടി പാര്‍വതി രംഗത്ത് വന്നതും, ശേഷം സംഘടനയില്‍ നിന്നും രാജി വച്ചതും ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമായിരുന്നു. ശനിയാഴ്ച കൂടിയ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം പാര്‍വതിയുടെ രാജി അംഗീകരിച്ചിരുന്നു. പാര്‍വതിയുടെ രാജിക്കത്തില്‍ പുനഃപരിശോധന വേണമെന്ന് നടന്‍ ബാബുരാജ് മാത്രമാണ് ആവശ്യപ്പെട്ടത്.
പാര്‍വതി അമ്മയില്‍ നിന്നും വിട്ടുപോയത് വലിയ നഷ്ടമാണെന്നും 'അമ്മ'യുടെ വൈസ് പ്രസിഡന്റാവാന്‍ യോഗ്യതയുള്ള നടി ആയിരുന്നു അവരെന്നുമാണ് ബാബുരാജ് അഭിപ്രായപ്പടുന്നത്. അഭിനയവും സംഘടനയും തമ്മില്‍ യാതൊരു ബന്ധവുമില്ല. സംഘടനയില്‍ ആണ്‍മേല്‍ക്കോയ്മയൊന്നുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബാബുരാജിന്റെ വാക്കുകള്‍ ഇങ്ങനെ:
അറിവും വിവേകവുമുള്ള നടിമാരാണ് പാര്‍വതിയും, പദ്മപ്രിയയും. രമ്യ നമ്പീശനും. 'അമ്മ'യുടെ വൈസ് പ്രസിഡന്റാവാന്‍ യോഗ്യതയുള്ള നടിയാണ് പാര്‍വതി. അവര്‍ വിട്ടുപോയത് വലിയൊരു നഷ്ടം തന്നെയാണ്. പാര്‍വതിയുടെ രാജിയുമായി ബന്ധപ്പെട്ട ചര്‍ച്ച ഉണ്ടായപ്പോള്‍, അവരുടെ ഭാഗം കേള്‍ക്കുവാനുള്ള വേദിയൊരുക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു.
സംഘടനയില്‍ ആണ്‍മേല്‍ക്കോയ്മയൊന്നുമില്ല. എത്രയോ പെണ്‍കുട്ടികള്‍ ഇപ്പോള്‍ സംഘടനയില്‍ ഉണ്ട്. അവര്‍ക്കൊന്നും പരാതികള്‍ ഇല്ലല്ലോ. പിന്നെ, സംഘടനയില്‍ നിന്നും പുറത്ത് നില്‍ക്കുന്നവര്‍ക്ക് സിനിമകള്‍ ഇല്ലെന്ന് പറയുന്നതും വാസ്തവമല്ല. പാര്‍വതി എത്രയോ നല്ല സിനിമകളില്‍ അഭിനയിക്കുന്നു. സംഘടനയില്‍ നില്‍ക്കുന്നവര്‍ ഒരുപാടു സിനിമകള്‍ ചെയ്യുന്നുണ്ടോ? സിനിമ അഭിനയവും സംഘടനയും തമ്മില്‍ യാതൊരു ബന്ധവുമില്ല. പിന്നെ പാരകളൊക്കെ എവിടെയായാലും ഉണ്ടാകും.
പ്രശ്‌നങ്ങളും വിഷമങ്ങളും ഇല്ലാത്തവരായി ആരുമില്ല. പരിഹരിക്കുവാന്‍ സാധിക്കുന്ന പ്രശ്‌നങ്ങള്‍ നമ്മള്‍ പരിഹരിച്ചിട്ടുണ്ട്. പിന്നെ ഇടവേള ബാബുവിന്റെ പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു ചോദിച്ചിരുന്നു. അയാള്‍ നടിയെക്കുറിച്ച് മോശമായി പറഞ്ഞതല്ല, സിനിമയിലെ കഥാപാത്രത്തെ ഉദ്ദേശിച്ചു പറഞ്ഞത് ആളുകള്‍ വളച്ചൊടിച്ചതാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |