മണർകാട്: ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മരുമകൻ കസ്റ്റഡിയിൽ. വടവാതൂർ സുധീഷ് ഭവനിൽ സുധാകരൻ (62) നാണ് കുത്തേറ്റത്. മകളുടെ ഭർത്താവ് കുമാരനല്ലൂർ കാഞ്ഞിരം കാലമാലിയിൽ രാകേഷ് നായർ (35)നെയാണ് മണർകാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം.
കുടുംബകലഹത്തെ തുടർന്ന് രണ്ടു മാസമായി മകളും ഇവരുടെ രണ്ട് വയസുള്ള കുട്ടിയും സുധാകരന്റെ സംരക്ഷണയിലാണ് കഴിയുന്നത്. ഭാര്യയേയും കുട്ടിയേയും കൂട്ടികൊണ്ടുപോകാൻ ഞായറാഴ്ച്ച രാകേഷ് സുഹൃത്തുക്കൾക്കൊപ്പം മാധവൻപടിയിലെ ഭാര്യയുടെ വീട്ടിലെത്തി. മദ്യപിച്ചെത്തിയ രാകേഷും സുധാകരനും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് രാകേഷ് സുധാകരനെ കുത്തുകയുമായിരുന്നു. വയറിന്റെ ഇടത് ഭാഗത്തായി പരിക്കേറ്റ സുധാകരനെ ബന്ധുക്കൾ ചേർന്ന് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയനായ സുധാകരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അതേസമയം സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മണർകാട് പൊലീസ് രാകേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ ഇടത് കൈവിരലിന് ചെറിയ തോതിൽ മുറിവേറ്റതിനാൽ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. ഉച്ചയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് എസ്.എച്ച്.ഒ മനോജ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |