പേരാമ്പ്ര: കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പിടിയിൽ. കാസർകോട് ഉപ്പള സ്വദേശി കിരൺകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 21 കിലോ കഞ്ചാവ് പിടികൂടി. ശനിയാഴ്ച വൈകീട്ട് പഴയ വർഷ തിയറ്ററിന് മുന്നിൽ വാഹന പരിശോധന നടത്തുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു .കാറും കസ്റ്റഡിയിലെടുത്തു. എസ്.ഐമാരായ ടി.പി അഖിൽ, സജി അഗസ്റ്റിൻ, സി.പി.ഒമാരായ എം.സി.വിനീഷ്, സിജി എന്നിവരാണ് പരിശോധന നടത്തിയത് .പേരാമ്പ്രയിൽ കാത്തുനിന്ന ഏജന്റിന് വേണ്ടിയാണ് 11 പാക്കറ്റുകളിലായി കഞ്ചാവ് കൊണ്ടുപോയതെന്ന് കിരൺകുമാർ പൊലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |