മാദ്ധ്യമ മാരണ നിയമമെന്ന് പരക്കെ വിമർശനം, പ്രതിഷേധം
പിന്മാറ്റത്തിനു പിന്നിൽ സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലും
തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിലെ വ്യക്തിഹത്യ തടയാനെന്ന പേരിൽ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയിൽ വ്യാപക പ്രതിഷേധവും സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലും ഉണ്ടായതോടെ, സംസ്ഥാന സർക്കാർ അതു നടപ്പിലാക്കുന്നതിൽ നിന്ന് പിന്മാറി. ഭേദഗതി ഓർഡിനൻസിൽ തുടർനടപടികൾ വേണ്ടെന്ന് സർക്കാർ ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി.
ഏതെങ്കിലും മാദ്ധ്യമങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ മൂന്നു വർഷം വരെ തടവോ 10,000 രൂപ പിഴയോ, രണ്ടും കൂടിയോ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി, പരക്കെയുയർന്ന വിമർശനങ്ങളുടെ സാഹചര്യത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന മാരണ നിയമമെന്ന ആക്ഷേപമാണ് പൊതുവെ ഉയർന്നത്. യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തെത്തി. പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾക്കെതിരായ നിയമ ഭേദഗതിയിൽ സി.പി.എം കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിക്കുകയും, ഇടതു ബുദ്ധിജീവികളടക്കം വിമർശനമുയർത്തുകയും ചെയ്തു. സി.പി.ഐയും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. ഓർഡിനൻസിനെ തുടർന്ന് സി.പി.ഐ മുഖപത്രവും ആശങ്കയുയർത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഗവർണർ ഒപ്പുവച്ചതോടെയാണ് ഓർഡിനൻസ് പ്രാബല്യത്തിലായത്. വ്യാപക വിമർശനം ഉയർന്നപ്പോഴും നിയമ ഭേദഗതിയെ ന്യായീകരിച്ച മുഖ്യമന്ത്രി, പിന്മാറ്റത്തിന്റെ സൂചന നൽകിയിരുന്നില്ല. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ.ബേബി, എസ്.രാമചന്ദ്രൻ പിള്ള എന്നിവർ ഇന്നലെ രാവിലെ വീഡിയോ കോൺഫറൻസിലൂടെ അവയ്‌ലബിൾ പോളിറ്റ്ബ്യൂറോ യോഗം ചേർന്ന് വിവാദം ചർച്ച ചെയ്തതിനു ശേഷമായിരുന്നു മനംമാറ്റം. അതിനു ശേഷം ഡൽഹിയിൽ മാദ്ധ്യമങ്ങളെ കണ്ട യെച്ചൂരി, ഓർഡിനൻസ് പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കി. പിന്നാലെയായിരുന്നു സർക്കാരിന്റെ നാടകീയ പിന്മാറ്റം.
പിൻവലിക്കുന്നതിൽ
അവ്യക്തത
ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചതോടെ പ്രാബല്യത്തിലായ ഓർഡിനൻസ് പിൻവലിക്കണമെങ്കിൽ മന്ത്രിസഭ യോഗം ചേർന്ന് റദ്ദാക്കൽ ഓർഡിനൻസ് പാസ്സാക്കി വീണ്ടും ഗവർണർക്ക് അയയ്ക്കണം.ഓർഡിനൻസ് നടപ്പാക്കേണ്ടെന്ന വാക്കാൽ നിർദ്ദേശമാണ് മുഖ്യമന്ത്രി പൊലീസിനു നൽകിയത്. എന്നാൽ,ഓർഡിനൻസിനു പകരമുള്ള ബില്ലായി ഇത് നിയമസഭയിൽ കൊണ്ടുവരില്ല. സൈബർ ആക്രമണമെന്ന പൊതുവിഷയം സഭയിൽ ചർച്ചയാക്കാനാകും നീക്കം.
സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ നിയമഭേദഗതിക്ക് തീരുമാനിച്ചത്. പൊലീസ് ആക്ടിൽ 118 എ എന്ന വകുപ്പ് കൂട്ടിച്ചേർത്തതാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. ആരെങ്കിലും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെന്ന് പൊലീസിന് തോന്നിയാലും കേസെടുക്കാവുന്ന അപകടകരമായ വ്യവസ്ഥയാണിത്. ദേശീയതലത്തിൽ മാദ്ധ്യമ അടിയന്തരാവസ്ഥയ്ക്കെതിരെ ശബ്ദമുയർത്തുകയും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ അപകീർത്തി വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന സി.പി.എമ്മിനെ, കേരളത്തിലെ സ്വന്തം സർക്കാരിന്റെ നീക്കം വെട്ടിലാക്കിയിരുന്നു.
സർക്കാരിന്റെ ജാഗ്രതക്കുറവ്
പൊലീസ് നിയമത്തിലെ 118ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയിരിക്കെ, 118 ൽ എ എന്ന വകുപ്പ് ഉൾച്ചേർത്തത് ആവശ്യമായ നിയമപരിശോധനയില്ലാതെയെന്ന ആക്ഷേപം സർക്കാരിലും ഇടതുകേന്ദ്രങ്ങളിലുമുണ്ട്. തുടക്കം മുതലുള്ള ജാഗ്രതക്കുറവ് പ്രകടമാണ്.
പൊലീസിന്റെ ഭേദഗതി നിർദ്ദേശം ആഭ്യന്തര വകുപ്പ് പരിശോധിച്ച് നിയമ വകുപ്പിന്റെ അംഗീകാരത്തോടെയാണ് മന്ത്രിസഭായോഗത്തിലെത്തിയത്. പുറത്ത് സി.പി.ഐ വിമർശിച്ചെങ്കിലും കഴിഞ്ഞ 21നു ചേർന്ന മന്ത്രിസഭായോഗത്തിൽ പാർട്ടി മന്ത്രിമാരും വിയോജിച്ചില്ല.
മാദ്ധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന പൊലിസ് നിയമ ഭേദഗതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും
- കെ.സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
എതിർപ്പുകളും ആശങ്കകളും പാർട്ടി പരിഗണിച്ചു. നിയമ ഭേദഗതി പുനഃപരിശോധിക്കും. മാദ്ധ്യമങ്ങൾക്കടക്കം കൂച്ചുവിലങ്ങിടുന്ന നിയമങ്ങൾക്കെതിരെ പാർട്ടിയുടെ നിലപാട് മുൻപും വ്യക്തമാക്കിയിട്ടുണ്ട്.
സീതാറാം യെച്ചൂരി,
സി.പി.എം ജനറൽ സെക്രട്ടറി
സാമൂഹ്യമാദ്ധ്യമങ്ങളെയും രാഷ്ട്രീയവിമർശകരെയും നിശബ്ദരാക്കാൻ ഇടതുസർക്കാർ കൊണ്ടുവന്ന മാദ്ധ്യമ മാരണ ഓർഡിനൻസ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പാണ്.ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതോടെ അത് നിയമമായിക്കഴിഞ്ഞു. ഭേദഗതി നടപ്പാക്കില്ലെന്ന് സർക്കാർ പറഞ്ഞാലും അത് നിയമമായി നിലനിൽക്കുന്നിടത്തോളം കാലം പൊലീസിന് കേസുകളെടുക്കാം.
- രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |