ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയില്‍ 6,35,36 വാര്‍ഡുകളില്‍ യു.ഡി.എഫിന് സ്ഥാനാർത്ഥികളില്ല. ആറാം വാര്‍ഡ് കോണ്‍ഗ്രസ് ചങ്ങനാശേരി ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ പരിധിയിലും 35,36 വാര്‍ഡുകള്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ പരിധിയിലുമാണ്. ഈ രണ്ടു മണ്ഡലങ്ങളിലെയും പ്രസിഡന്റുമാര്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. ഇവര്‍ സ്വന്തം സീറ്റ് ഉറപ്പിക്കാന്‍ നെട്ടോട്ടത്തിനിടെയില്‍ ഈ വാര്‍ഡുകളിലെ കാര്യം വിട്ടുപോയെന്ന് കോണ്‍ഗ്രസിലെ എതിര്‍ഗ്രൂപ്പ് ആരോപിക്കുന്നു. ആറാം വാര്‍ഡായ മോര്‍കുളങ്ങരയില്‍ വിജയം ഉറപ്പില്ലാത്തതിനാല്‍ ആരും സന്നദ്ധരായില്ല. കഴിഞ്ഞ തവണ കൗണ്‍സിലര്‍ ആയിരുന്ന യുവാവിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞു മാറി. പകരം ആളെ കണ്ടെത്തിയുമില്ല. സി.പി.എം നേതാവ് കെ.ആര്‍. പ്രകാശ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായും ബി.ജെ.പിയിലെ ടി.കെ അനീഷ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നു. 35,36 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത് ഒത്തുകളിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സമീപത്തെ ഒരു വാര്‍ഡിലെ പ്രമുഖനായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തന്റെ വിജയം ഉറപ്പിക്കാന്‍ ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഫലമാണ് രണ്ട് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. 6,35 വാര്‍ഡുകള്‍ ജനറല്‍ വാര്‍ഡുകളും 36 വനിതാ വാര്‍ഡുമാണ്. 35 കണ്ടത്തിപറമ്പ് വാര്‍ഡില്‍ സി.ഐ.ടി.യു നേതാവും നിലവിലെ കൗണ്‍സിലറുമായ അജികുമാറിന്റെ ഭാര്യ ഗീത അജിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഗീത മുമ്പ് ഈ വാര്‍ഡിനെ പ്രതിനിധീകരീച്ചിട്ടുണ്ട്. ഗിരിജ ബാലകൃഷ്ണന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ആര്‍.ശിവകുമാര്‍ ആണ് വാര്‍ഡ് 36 ല്‍ എല്‍.ഡി എഫ് സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തിന്റെ ഭാര്യ രേഖ ശിവകുമാറാണ് നിലവിലെ കൗണ്‍സിലര്‍. ഹരികുമാര്‍ പുന്നശ്ശേരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. കെ.പി.സി.സി സര്‍ക്കുലര്‍ പ്രകാരം ഓരോ വാര്‍ഡിലും വാര്‍ഡ് കമ്മിറ്റികള്‍ കൂടി മത്സരിക്കാനുള്ളവരെ നിര്‍ദ്ദേശിക്കണം. ബ്ലോക്ക് ഉപസമിതിയുടെ സാന്നിദ്ധ്യത്തിലാണ് ഈ യോഗം ചേരേണ്ടത്.എന്നാല്‍ ഈ നടപടികളും ഈ വാര്‍ഡുകളില്‍ ഉണ്ടായില്ല. മുപ്പത്താറാം വാര്‍ഡില്‍ മത്സരിക്കാന്‍ താല്പര്യം കാട്ടി മുന്നോട്ട് വന്നയാളെ കോണ്‍ഗ്രസ് മണ്ഡലം നേതൃത്വം പരിഗണിച്ചില്ലെന്ന് പരാതിയും ഉയര്‍ന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |