ചെങ്ങറ: കഴിഞ്ഞ 41വർഷമായി വോട്ടർ പട്ടികയിൽ പേരുള്ളതും സമ്മതിദാന അവകാശം വിനിയോഗിക്കുന്നതുമായ നേപ്പാളി സ്വദേശിയായ ഒരു വോട്ടർ കോന്നിയിലുണ്ട്. നേപ്പാളിൽ ജനിച്ച ചെങ്ങറ ചെമ്മാനി കിഴക്കേചരുവിൽ രാജൻ 63 ആണ് അയൽരാജ്യത്ത് നിന്നെത്തിയ നാട്ടുകാരൻ. ഇത്തവണ കോന്നി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കൊന്നപ്പാറ പാരീഷ് ഹാൾ ബൂത്തിൽ രാജൻ വോട്ട് ചെയ്യും.
1967ൽ ഉത്തർപ്രദേശിലെ അതിർത്തി ഗ്രാമത്തിൽ ഒറ്റപ്പെട്ടുപോയ കാഞ്ചന എന്ന പത്തുവയസുകാരനാണ് രാജനെന്ന പേരിൽ നമ്മുടെ നാട്ടുകാരനായത്. ചോള പാടത്ത് പണിയെടുത്തിരുന്ന അമ്മയുടെ കണ്ണിൽ നിന്ന് അകന്നുപോയ ബാലൻ അതിർത്തിയിലെ റോഡരികിൽ നിന്ന് കരയുന്നത് കണ്ട പത്തനംതിട്ട പുത്തൻപീടിക സ്വദേശിയായ സൈനികൻ രക്ഷകനാകുകയായിരുന്നു. കാഞ്ചനയെ തന്റെ താമസസ്ഥലത്തേക്ക് കൂട്ടികൊണ്ടുവന്ന് ഭക്ഷണം നൽകി. നാട്ടിൽ അവധിക്ക് വരാനായി തയ്യാറെടുത്തു നിന്നിരുന്ന സൈനികൻ കഞ്ചാനെയും ഒപ്പം കൂട്ടി ട്രയിൻ മാർഗം നാട്ടിലെത്തി. പത്തനംതിട്ട പുത്തൻ പീടികയിലുള്ള സൈനികന്റെ വീട്ടിൽ വളർന്ന ബാലന് വീട്ടുകാർ രാജനെന്ന പേരു നൽകി. വോട്ടെഴ്‌സ് ലിസ്റ്റിൽ പേരു ചേർത്തതോടെ എല്ലാ തിരഞ്ഞെടുപ്പിലും പതിവായി വോട്ട് ചെയ്യുന്നു. മുതിർന്നപ്പോൾ പത്തനംതിട്ട നഗരത്തിലെത്തപ്പെട്ടു. നഗരത്തിൽ ചെരുപ്പു കുത്തിയായും നഗരസഭയുടെ നായ പിടുത്തക്കാരനായും ലോഡിംഗ് തൊഴിലാളിയായും ലോട്ടറി വിൽപ്പനക്കാരനായും പല ജോലി ചെയ്തു. 1979 ൽ കണ്ണങ്കര സ്വദേശിനി തങ്കമണിയെ വിവാഹം ചെയ്തു. 1980 മുതൽ ചെങ്ങറ മിച്ചഭൂമിയിൽ കുടുംബത്തോടൊപ്പം താമസമായി. പിൽക്കാലത്ത് നാട്ടിൽ ജോലിക്കെത്തിയ ഗൂർഖകൾ രാജനെ പരിചയപ്പെടുകയും കഥകൾ കേട്ട് തിരികെ നേപ്പാളിൽ എത്തിക്കാമെന്ന് അറിയിച്ചെങ്കിലും പോകാൻ കൂട്ടാക്കിയില്ല. ഇപ്പോൾ കോന്നിയിൽ ലോട്ടറി വിൽപ്പന നടത്തി ജീവിക്കുകയാണ്. മൂന്ന് മക്കളും ചെറുമക്കളുമുള്ള രാജന് ജന്മദേശമായ നേപ്പാളിനെ പറ്റി ഇപ്പോൾ ഒരുചിന്തയുമില്ല. അച്ഛനും അമ്മയും ഒരു സഹോദരനും സഹോദരിയുമുള്ളതായി ഓർമ്മയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |