കൊച്ചി: പറവൂരിലെ പ്രളയദുരിതാശ്വാസ പദ്ധതിയായ പുനർജനിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വി.ഡി. സതീശൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിനെയും സി.പി.എമ്മിനെയും ബാധിച്ച ജീർണത മറച്ചുവയ്ക്കാൻ പ്രതിപക്ഷ നേതാക്കളെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യം മാത്രമാണ് അന്വേഷണത്തിന് പിന്നിൽ.
പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി, മണപ്പാട്ട് ഫൗണ്ടേഷൻ എന്നീ സംഘടനകളുടെകൂടി സഹായത്തോടെ പറവൂർ മണ്ഡലത്തിൽ നടത്തുന്ന വികസനപദ്ധതികളാണ് പുനർജനി. 200 വീടുകളാണ് നിർമ്മിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെടാതെപോയ ഭവനരഹിതർക്കാണ് പുനർജനി പദ്ധതി. കേരളത്തിലെ മറ്റ് നിയോജക മണ്ഡലങ്ങളിൽ നടക്കാത്ത വിപുലമായ പദ്ധതികളാണ് പറവൂരിൽ സാക്ഷാത്കരിച്ചത്. ഇതിനൊന്നും യാതൊരു വിദേശസഹായവും കൈപ്പറ്റിയിട്ടില്ല. സർക്കാരിന്റെയും പാർട്ടിയുടേയും മുഖം വികൃതമാകുമ്പോൾ ചർച്ചകൾ വഴിതിരിച്ചുവിടാൻ എ.കെ.ജി സെന്റർ കേന്ദ്രീകരിച്ച് നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് പുനർജനിക്ക് എതിരായ വിജിലൻസ് അന്വേഷണം. വസ്തുതകൾ എല്ലാവരും അറിയാൻ അന്വേഷണം സഹായിക്കുമെന്നും എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |