കൊച്ചി: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മകളുടെ ചികിത്സ ഏറ്റെടുക്കാനും കുടുംബത്തിലെ ഒരാൾക്ക് ജോലിനൽകാനും തയ്യാറാകണം. ആരോഗ്യമന്ത്രിക്ക് തുടരാൻ യോഗ്യതയില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രക്ഷാപ്രവർത്തനം നടത്താൻ അനുവദിക്കാതെ ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങളെക്കുറിച്ച് മന്ത്രി പ്രസംഗിക്കുകയാണ്. ചാണ്ടി ഉമ്മൻ എം.എൽ.എ ബഹളമുണ്ടാക്കിയ ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരാൾ പോലും കുടുംബത്തെ കാണാനോ ആശ്വസിപ്പിക്കാനോ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. ബിന്ദുവിന്റെ വീടു പണി പൂർത്തിയായിട്ടില്ല.സർക്കാർ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും മരുന്നോ നൂലോ പഞ്ഞിയോ ഇല്ല. കോടിക്കണക്കിന് രൂപ കുടിശിക വരുത്തിയതിനാൽ മരുന്ന് വിതരണം നിലച്ചു. പി.ആർ പ്രചാരണവും വാചകമടിയുമല്ലാതെ ഒന്നും നടക്കുന്നില്ല. പകർച്ചവ്യാധികളും മരണനിരക്കും വർദ്ധിച്ചത് പഠിക്കാൻ പോലും തയ്യാറാകുന്നില്ല ഒരുകാര്യത്തിലും സർക്കാരിന് ഉത്തരവാദിത്വമില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം ആവശ്യമുള്ള സമയത്ത് മിണ്ടാതിരിക്കുകയെന്ന കൗശലം മുഖ്യമന്ത്രി തുടരുകയാണെന്നും,സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |