ചെന്നൈ: നിവർ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും വൻ കൃഷിനാശം. കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും ഈയാഴ്‌ച കൂടി മഴ തുടരും. തമിഴ്നാട്ടിൽ മൂന്നുപേരും ആന്ധ്രയിൽ ഒരാളും മരിച്ചു. തമിഴ്നാട്ടിലേ ചെങ്കൽപ്പെട്ട് ജില്ലയിൽ മാത്രം 1700 ഏക്കർ നെൽകൃഷി നശിച്ചു.
പുതുച്ചേരിയിൽ ഇതുവരെ 400 കോടിയുടെ നഷ്‌ടം ഉണ്ടായതായാണ് വിവരം. ചെമ്പരപ്പാക്കം തടാകത്തിൽ നിന്ന് തുറന്നു വിടുന്ന വെളളത്തിന്റെ അളവ് 1500ഘന അടി ആയി കുറച്ചു. ഇതോടെ അടയാർ പുഴയിലെ ജല നിരപ്പ് താഴ്ന്നു. നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിൽ നിന്ന് വെളളം ഇറങ്ങി തുടങ്ങി.
മുൻകരുതൽ നടപടികളെടുത്തതിനാൽ നാശനഷ്‌ടങ്ങൾ കുറയ്‌ക്കാൻ സാധിച്ചെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. 3085 ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കിയിരുന്നു. ക്യാമ്പുകളിൽനിന്ന് ഘട്ടംഘട്ടമായി ആളുകളെ വീടുകളിൽ തിരിച്ചെത്തിക്കുമെന്ന് സർക്കാർ അറിയിച്ചു.
താത്കാലികമായി അടച്ച ചെന്നൈ വിമാനത്തവളത്തിന്റെ പ്രവർത്തനം ഇന്നലെ രാവിലെ ഒമ്പതോടെ പുനരാരംഭിച്ചിരുന്നു. കേരളത്തിലേക്ക് ഉൾപ്പടെയുളള ട്രെയിൻ സർവീസുകളും പുനരാരംഭിച്ചു. മുമ്പ് റദ്ദാക്കുമെന്ന് അറിയിച്ചിരുന്ന സർവീസുകളും നടത്തി.
ചെന്നൈയിൽ മെട്രോ, സബർബൻ തീവണ്ടി സർവീസുകളും പുനരാരംഭിച്ചു. ദുരന്തസാദ്ധ്യതയുളള ജില്ലകളിലെ നിർത്തിവച്ചിരുന്ന ബസ് സർവീസുകളും വീണ്ടും തുടങ്ങി. പുതുച്ചേരിയിലും കാരയ്ക്കലിലും ശനിയാഴ്ചവരെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |