ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കേന്ദ്രം നൽകിയ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല. കേരളമുൾപ്പടെ പത്ത് സംസ്ഥാനങ്ങളിൽ ഗുരുതരമാണ് സ്ഥിതി. രോഗപ്രതിരോധത്തിനായി കർശന നടപടിയെടുക്കുന്നില്ലെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു. രാജ്യത്തെ 80 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ലെന്നും കോടതി വിമർശിച്ചു.
രാജ്യത്ത് 77 ശതമാനം കൊവിഡ് കേസുകളും ഉണ്ടാകുന്നത് പത്ത് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്രം അറിയിച്ചതിനെ തുടർന്നാണ് സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തിയത്. ആദ്യ ഘട്ട വ്യാപനത്തെക്കാൾ രൂക്ഷമാണ് രാജ്യത്ത് നിലവിലുളള കൊവിഡ് വ്യാപനമെന്നും കേന്ദ്രം അറിയിച്ചിരുന്നു. സംസ്ഥാനങ്ങൾ രാഷ്‌ട്രീയത്തിന് അതീതമായി അവസരത്തിനൊത്ത് ഉയർന്നുപ്രവർത്തിക്കണമെന്നും കോടതി പറഞ്ഞു.
ഗുജറാത്തിൽ രാജ്‌കോട്ടിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തെ കുറിച്ചും സുപ്രീംകോടതി വിമർശനം ഉന്നയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വേണ്ടത്ര ജാഗ്രത ഈ വിഷയത്തിൽ പുലർത്തിയില്ല. കേന്ദ്രവും ഗുജറാത്ത് സർക്കാരും ഇതുസംബന്ധിച്ച് ചൊവ്വാഴ്‌ച റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉടൻതന്നെ യോഗം വിളിച്ച് ആശുപത്രികളിൽ സുരക്ഷയൊരുക്കാൻ തീരുമാനമെടുക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി.
മുൻപ് രാജ്യത്തെ 70 ശതമാനം കൊവിഡ് രോഗബാധിതരും മഹാരാഷ്‌ട്ര, കേരള,ഡൽഹി,രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. രാജ്യത്തെ 83.80 കൊവിഡ് മരണങ്ങളും മഹാരാഷ്‌ട്ര,കർണാടക,തമിഴ്‌നാട്.പശ്ചിമബംഗാൾ,ഉത്തർപ്രദേശ്,ആന്ധ്ര പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നുമാണെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്തെ കൊവിഡ് നിരക്ക് ഇന്ന് 93,09,787 ആയി. 87,18,517 പേർ രോഗമുക്തി നേടി. ദേശിയരോഗമുക്തി നിരക്ക് 93.64 ആയി. രാജ്യത്തെ ആക്‌ടീവ് കേസുകൾ 4,55,555 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |