
ബംഗളുരു : സീനിയർ ഇന്ത്യൻ താരങ്ങളായ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും ഉൾപ്പടെയുള്ള വലിയ താരങ്ങൾകൂടി കളത്തിലിറങ്ങുന്നതോടെ ഇന്ന് ആരംഭിക്കുന്ന ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റായ വിജയ് ഹസാരേ ട്രോഫിയിൽ മത്സരങ്ങൾ തീപാറും. സർവീസസ് ഉൾപ്പടെ 38 ടീമുകളാണ് ഇക്കുറി പ്രാഥമിക റൗണ്ടിൽ ഏറ്റുമുട്ടുന്നത്. അഹമ്മദാബാദ്, രാജ്കോട്ട്, ആലൂർ, ബെംഗളുരു തുടങ്ങി വിവിധ വേദികളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.
വിരാട് കൊഹ്‌ലി ഡൽഹി ടീമിന് വേണ്ടിയും രോഹിത് മുംബയ് ടീമിന് വേണ്ടിയുമാണ് ഇറങ്ങുന്നത്. ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചേ മതിയാകൂ എന്ന ബി.സി.സി.ഐ നിലപാട് അനുസരിച്ചാണ് മുൻ ഇന്ത്യൻ നായകർ കളത്തിലിറങ്ങുന്നത്. വിരാടിന്റെ ഡൽഹിക്ക് ആദ്യ മത്സരം ആന്ധ്രയുമായാണ്. ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ മത്സരം ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷാകാരണങ്ങളാൽ പിന്നീട് നാഷണൽ സെന്റർ ഒഫ് എക്സലൻസിലേക്ക് മാറ്റി. മത്സരത്തിന് കാണികളെ അനുവദിച്ചിട്ടുമില്ല. റിഷഭ് പന്താണ് ഡൽഹിയെ നയിക്കുന്നത്. ഇശാന്ത് ശർമ്മ, നവ്‌ദീപ് സെയ്നി തുടങ്ങിയവർ വിരാടിനൊപ്പം ടീമിലുണ്ട്.
ശാർദൂൽ താക്കൂറിന്റെ ക്യാപ്ടൻസിക്ക് കീഴിലാണ് മുംബയ്‌ക്ക് വേണ്ടി രോഹിത് കളിക്കാനിറങ്ങുന്നത്. സർഫ്രാസ് ഖാനും മുഷീർ ഖാനും ടീമിലുണ്ട്. ഇന്ന് ജയ്പൂരിൽ സിക്കിമിനെതിരെയാണ് മുംബയ്‌യുടെ ആദ്യ മത്സരം. ശുഭ്മാൻ ഗിൽ പഞ്ചാബിന് വേണ്ടിയും രവീന്ദ്ര ജഡേജ ഗുജറാത്തിന് വേണ്ടിയും ടൂർണമെന്റിൽ കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കേരളത്തെ രോഹൻ നയിക്കും
വിജയ് ഹസാരെ ടൂർണമെന്റിനുള്ള കേരള ടീമിനെ രോഹൻ കുന്നുമ്മൽ നയിക്കും.19 അംഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ, നിധീഷ് എം ഡി തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊപ്പം കെസിഎല്ലിൽ ഉൾപ്പടെ തിളങ്ങിയ യുവതാരങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നുമുതൽ ജനുവരി എട്ട് വരെ അഹമ്മദാബാദിലാണ് കേരളത്തിന്റെ മത്സരങ്ങൾ
കേരള ടീം : രോഹൻ എസ്. കുന്നുമ്മൽ (ക്യാപ്ടൻ), സഞ്ജു വി. സാംസൺ, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഹമ്മദ് ഇമ്രാൻ, സൽമാൻ നിസാർ, അഭിഷേക് ജെ. നായർ, കൃഷ്ണ പ്രസാദ്, അഖിൽ സ്കറിയ, അഭിജിത്ത് പ്രവീൺ വി, ബിജു നാരായണൻ, അങ്കിത് ശർമ്മ, ബാബ അപരാജിത്, വിഘ്നേഷ് പുത്തൂർ, എം. ഡി നിധീഷ് , കെ. എം ആസിഫ് , അഭിഷേക് പി. നായർ, ഷറഫുദ്ദീൻ എൻ. എം, ഏദൻ ആപ്പിൾ ടോം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |