*അന്വേഷണ വിഷയങ്ങൾ സമാനം *സർക്കാർ നടപടിയിൽ ദുരൂഹത
തിരുവനന്തപുരം: ഒരിക്കൽ അന്വേഷിച്ച് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയ സ്പ്രിൻക്ളർ കരാർ ഇടപാടിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ രണ്ടാം കമ്മിഷന് നിർദ്ദേശം. സൈബർ ഡേറ്റാ സുരക്ഷാ മേഖലയിലെ രാജ്യത്തെ ഏറ്റവും വിദഗ്ദ്ധർ അന്വേഷിച്ച സംഗതിയിൽ, അത്രയൊന്നും വിദഗ്ദ്ധരല്ലാത്തവരെ വീണ്ടും നിയോഗിച്ചതിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയർന്നു.
കൊവിഡ് വ്യാപനമുണ്ടായപ്പോൾ അതുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ വിവരങ്ങൾ സമാഹരിക്കാൻ വിദേശ സ്ഥാപനമായ സ്പ്രിൻക്ളറിനെ സംസ്ഥാന സർക്കാർ ഏൽപിച്ചതിൽ ഡാറ്റാ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ആക്ഷേപം.സംസ്ഥാനത്തെ 1.80 ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങൾ സ്പ്രിൻക്ളർ കടത്തിയെന്ന ആരോപണത്തെ തുടർന്ന് സർക്കാർ കരാർ റദ്ദാക്കി.സംഭവത്തെ കുറിച്ചന്വേഷിക്കാൻ മുൻ സിവിൽ ഏവിയേഷൻ സെക്രട്ടറി എം. മാധവൻ നമ്പ്യാർ, സൈബർ സുരക്ഷാ വിദഗ്ദ്ധൻ ഗുൽഷൻ റായ് എന്നിവരടങ്ങിയ സമിതിയെ 2020 ഏപ്രിൽ 20ന് നിയോഗിച്ചു. അന്നത്തെ ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനും കമ്മിറ്റിയിലുണ്ടായിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ മാറ്റി. ഇൗ കമ്മിറ്റി ഇൗ വർഷം ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിച്ചു.
സർക്കാരിന് വീഴ്ചയുണ്ടായെന്നും , അന്നത്തെ സാഹചര്യത്തിൽ വീഴ്ച ന്യായീകരിക്കാവുന്നതല്ലെന്നും ,1.80 ലക്ഷം പേരുടെ വിവരങ്ങൾ ആദ്യം സ്പ്രിൻക്ളർ സെർവറിലേക്കും പിന്നീട് സർക്കാർ നിർദ്ദേശമനുസരിച്ച് സിഡിറ്റിലേക്കും ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.ഇൗ റിപ്പോർട്ട് പുറത്തുകാണിക്കാതെയാണ് കഴിഞ്ഞദിവസം രണ്ടാമത്തെ അന്വേഷണസമിതിയെ നിയോഗിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവായത്.റിട്ട. ജില്ലാ ജഡ്ജി കെ. ശശിധരൻ നായരും, രണ്ട് കോളേജദ്ധ്യാപകരുമുൾപ്പെട്ട കമ്മിഷന് നൽകിയ അന്വേഷണ വിഷയങ്ങളിൽ ഒന്നാം അന്വേഷണ കമ്മിഷനിൽ നിന്ന് വ്യത്യാസമൊന്നുമില്ല.സ്പ്രൻക്ളർ കരാറിൽ നടപടിക്രമങ്ങൾ പാലിച്ചിരുന്നോ, വീഴ്ചയുണ്ടായോ,ഇത്തരം വീഴ്ചകൾ ഒഴിവാക്കാനും സൈബർ ഡാറ്റാ സുരക്ഷാ ഉറപ്പാക്കാനും ഭാവിയിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവയാണ് രണ്ടു മാസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകേണ്ടത്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |