തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടാം വട്ടവും നോട്ടീസ് ലഭിച്ചതിനു പിന്നാലെ, കൊവിഡാനന്തര ചികിത്സയ്ക്ക് മെഡിക്കൽ കോളേജാശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ്സെക്രട്ടറി സി.എം.രവീന്ദ്രൻ ഇന്നലെ ഡിസ്ചാർജ് നേടി പുറത്തിറങ്ങി. രവീന്ദ്രന്റെ ബിനാമി സ്വത്തുക്കളെന്ന് സംശയിക്കുന്ന വടകരയിലെ വ്യാപാര സ്ഥാപനങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതോടെയാണിത്.നവംബർ ആറിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയതിനെ തുടർന്ന്, അഞ്ചിനാണ് കൊവിഡ് ബാധിതനായി രവീന്ദ്രനെ ആദ്യം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തനായ ശേഷം ശ്വാസതടസമടക്കമുള്ള അസ്വസ്ഥതകളുണ്ടായതിനെത്തുടർന്ന് ബുധനാഴ്ച വീണ്ടും ആശുപത്രിയിലാക്കി.രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നുണ്ടെന്നും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും , ആശുപത്രിയിൽ കിടത്തി വിദഗ്ദ്ധചികിത്സകളും പരിശോധനകളും വേണമെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. വെള്ളിയാഴ്ച ഹാജരാകാനാവില്ലെന്ന് രവീന്ദ്രൻ ഇ.ഡിയെ അറിയിച്ചിരുന്നു. ഉച്ചയോടെ, രവീന്ദ്രന്റെ ബിനാമിസ്വത്തുക്കളെന്ന് കരുതുന്ന വടകരയിലെ മൂന്ന് വ്യാപാരസ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയ ഇ.ഡി, ബിനാമികളെന്ന് സംശയിക്കുന്ന ബന്ധുക്കളെ ചോദ്യം ചെയ്തു. വ്യാപാരസമുച്ചയങ്ങൾ നിർമ്മിക്കാനുള്ള പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാനും നിർദ്ദേശിച്ചു. ഇതിനു പിന്നാലെ, രവീന്ദ്രനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. വീട്ടിൽ വിശ്രമിച്ച് ഫിസിയോതെറാപ്പി നടത്തിയാൽ മതിയെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ആയുർവേദ ചികിത്സയുമാവാം. വൈകിട്ടോടെ അദ്ദേഹം ആശുപത്രിവിട്ടു.
സ്വർണക്കടത്ത്, സർക്കാരിന്റെ വൻകിട പദ്ധതികളിലെ ബിനാമി-കള്ളപ്പണ ഇടപാടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ തേടിയാണ് രവീന്ദ്രന് ഇ.ഡി നോട്ടീസ് നൽകിയത്. നയതന്ത്രബാഗിന്റെ മറവിൽ സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും കടത്തുന്ന വിവരം എം.ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും അറിയാമായിരുന്നെന്ന് സ്വപ്ന വെളിപ്പെടുത്തിയതാണ് രവീന്ദ്രന് കുരുക്കായത്.
ശ്വാസകോശം കുഴപ്പത്തിലെന്ന്
കൊവിഡിനു ശേഷം രവീന്ദ്രന്റെ ശ്വാസകോശം ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കൽ കോളേജാശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. സ്കാനിംഗിൽ സിവിയറിറ്റി റിസ്ക് സ്കോർ 15വരെയായിരുന്നു. സ്കോർ 5ആണെങ്കിലും നടക്കുമ്പോൾ കിതപ്പുണ്ടാവും. സ്കോർ 25ആവുമ്പോൾ ശ്വാസകോശം പ്രവർത്തനരഹിതമായി വെന്റിലേറ്ററിലാവും. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം,രവീന്ദ്രന്റെ ആരോഗ്യനിലയെക്കുറിച്ച് വിശദമായ റിപ്പോർട്ട് മെഡിക്കൽകോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെടാൻ ഇ.ഡി നീക്കം തുടങ്ങിയിരുന്നു. ഗുരുതരരോഗമില്ലാതെ ഐ.സി.യുവിലാക്കി അന്വേഷണം തടഞ്ഞാൽ ഡോക്ടർമാർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, പ്രതിയെ സംരക്ഷിക്കൽ, അന്വേഷണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കാനാവും. സിവിൽ കോടതിയുടെ അധികാരമുള്ള ഇ.ഡിയുടെ നോട്ടീസ് സമൻസാണ്. തടയാൻ കൂട്ടുനിന്നാൽ ഗുരുതര പ്രശ്‌നങ്ങളുണ്ടാവുമെന്ന് ഭയന്നാണ് തിടുക്കത്തിലുള്ള ഡിസ്ചാർജെന്നാണ് വിവരം.
സ്വത്തുക്കൾ, ബിനാമികൾ
വടകരയിലെ ബന്ധുവിനെ ബിനാമിയാക്കി നിരവധി സ്വത്തുക്കൾ, മറ്റുചിലരെ ബിനാമിയാക്കി ഭൂമിയിടപാടുകൾ
വടകരയിലെ സ്വർണക്കടയിലും ഇലക്ട്രോണിക്സ് സ്ഥാപനത്തിലും ഷോപ്പിംഗ് മാളുകളിലും പങ്കാളിത്തം. മൊബൈൽഫോൺ വിപണന ഏജൻസി ബിനാമിയിടപാട്.
ഉറ്റബന്ധുവിന്റെ പേരിൽ ഷോപ്പിംഗ്കോംപ്ലക്സ്, വടകരയിൽ വസ്ത്രശാല, ഹോട്ടൽ, തലശേരിയിൽ ബഹുനിലകെട്ടിടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |