ഇരവിപുരം: വോട്ടഭ്യർത്ഥന നടത്തുന്നതിനിടെ വനിതാ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചയാളെ ഇരവിപുരം പൊലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഇരവിപുരം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളുമായ മുള്ളുവിള ഹരിശ്രീനഗർ വാറുതുണ്ടിൽ വീട്ടിൽ ബൈജുവാണ് (42) അറസ്റ്റിലായത്. ഇക്കഴിഞ്ഞ 22 ന് രാവിലെ പതിനൊന്നിനാണ് ഇയാൾ വനിതാ സ്ഥാനാർത്ഥിക്ക് നേരെ അസഭ്യവർഷം നടത്തിയത്. 20ന് പാലത്തറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തി ഡോക്ടറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തിരുന്നു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നിർദ്ദേശാനുസരണം പ്രതിയെ പിടികൂടാനായി കൊല്ലം എ.സി.പി പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കൊച്ചു കൂനമ്പായിക്കുളത്ത് വെച്ചാണ് പൊലീസ് സംഘം സാഹസികമായി ബൈജുവിനെ പിടികൂടിയത്. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലുള്ള ഡിറ്റൻഷൻ സെന്ററിലെത്തിച്ചപ്പോൾ അവിടയും പ്രതി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അതിന്റെ പേരിൽ കൊല്ലംവെസ്റ്റ് പൊലീസും കേസെടുത്തു. ഇരവിപുരം എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, നിത്യാസത്യൻ, അഭിജിത്ത്, എ.എസ്.ഐമാരായ ജയപ്രകാശ്, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |