തിരുവനന്തപുരം: വിജിലൻസിന്റെ കണ്ടെത്തലുകൾ തളളി കെ എസ് എഫ് ഇ ചെയർമാൻ പീലിപ്പോസ് തോമസ്. കൊളളച്ചിട്ടി പ്രോത്സാഹിപ്പിക്കാറില്ലെന്നും കളളപ്പണനിക്ഷേപത്തിന് സാദ്ധ്യതയില്ലെന്നും പീലിപ്പോസ് തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സി എ ജി, ധനകാര്യ, ലോക്കൽ ഫണ്ട്, ആഭ്യന്തര ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണ് കെ എസ് എഫ് ഇയെന്നും അദ്ദേഹം വ്യക്തമാക്കി.
ചില വരിക്കാർ ചിട്ടിയുടെ ആദ്യ തവണ മുടക്കാറുണ്ട്. പകരം വരിക്കാരെ ചേർക്കുന്നത് സ്വാഭാവികമാണ്. ഏതുതരം അന്വേഷണവും സ്വാഗതം ചെയ്യുന്നു. സ്വർണം സൂക്ഷിക്കുന്നത് ലോക്കറിലോ സേഫിലോ ആണ്. ഇൻഷുറൻസുമുണ്ടെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ കെ എസ് എഫ് ഇ ബ്രാഞ്ചുകളിൽ നടത്തിയ റെയ്ഡിൽ വിജിലൻസ് ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. മുപ്പതിലധികം ബ്രഞ്ചുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ചിട്ടികളിൽ ആളെണ്ണം പെരുപ്പിച്ച് കാട്ടി ചില മാനേജർമാർ തട്ടിപ്പ് നടത്തിയതായും കണ്ടെത്തി. 4 കെ എസ് എഫ് ഇകളിൽ സ്വർണ പണയത്തിലും തട്ടിപ്പ് കണ്ടെത്തി.
ഈടായി വാങ്ങുന്ന സ്വർണം സുരക്ഷിതമല്ലാതെയാണ് ബ്രാഞ്ചുകളിൽ സൂക്ഷിച്ചിരിക്കുന്നത്. ശാഖകളിലെ ക്രമക്കേടുകൾ നടപടി ശുപാർശയോടെ സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |