ടെഹ്റാൻ:അമേരിക്കയുടെയും ഇസ്രായേലിന്റെയും ചൊൽപ്പടിയിൽ നിൽക്കാത്ത ഇറാനെ ആണവപദ്ധതിയുടെ പേരിൽ ഒതുക്കാനുള്ള ഏറ്റവും ഒടുവിലത്തെ കുതന്ത്രമാണ് ആണവശാസ്ത്രജ്ഞൻ മുഹ്സീൻ ഫക്രിസാദെയുടെ കൊലപാതകം. ഇറാൻ സേനയായ ഇസ്ലാമിക റവലൂഷണറി ഗാർഡിലെ ബ്രിഗേഡിയർ ജനറൽ കൂടിയായിരുന്ന മുഹ്സീൻ ഇറാന്റെ ആണവായുധ പദ്ധതിയുടെ ബുദ്ധികേന്ദ്രമായിരുന്നു. വെള്ളിയാഴ്ച കാറോടിച്ച് പോകുമ്പോൾ അജ്ഞാതരായ കൊലയാളികളുടെ വെടിയേറ്റ അദ്ദേഹം ആശുപത്രിയിലാണ് മരിച്ചത്.ഇറാന്റെ ഒളിപ്പോർ വിഭാഗമായ ഖുദ് സേനയുടെ കമാൻഡർ ജനറൽ ഖാസീം സുലൈമാനിയെ ജനുവരിയിൽ ബാഗ്ദാദിൽ അമേരിക്കൻ സേന കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഫക്രിസാദെയുടെ വധം.1990കൾ മുതൽ ഇറാന്റെ ആണവ പദ്ധതികളുടെയും പ്രതിരോധ മന്ത്രായലത്തിന്റെയും ചുമതല വഹിച്ചത് ഫക്രിസാദെ ആയിരുന്നു.യു. എൻ രക്ഷാസമിതിയിലെ അഞ്ച് വൻശക്തികളും ജർമ്മനിയും ( P5+1) 2015ൽ ഇറാനുമായി ഒപ്പിട്ട ആണവ കരാർ പ്രകാരം ഇറാന്റെ പരിമിതമായി സമ്പുഷ്ടമാക്കിയ യുറേനിയം ശേഖരം 202.8 കിലോഗ്രാമായി നിശ്ചയിച്ചിരുന്നു. ആണവ വൈദ്യുതി നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കാനുള്ള യുറേനിയമാണിത്. അതിന് പോലും നിയന്ത്രണം കൽപ്പിച്ചതായിരുന്നു കരാർ. ഇറാനുമായി ഉരസിയ അമേരിക്കൻ പ്രസിഡന്റ് ട്രംപ് 2018ൽ കരാറിൽ നിന്ന് പിന്മാറി. അതോടെ കരാർ ലംഘിച്ച ഇറാൻ ഈ യുറേനിയം ശേഖരം 2,442.9 കിലോ ആയി വർദ്ധിപ്പിച്ചു. അത് അമേരിക്കയ്ക്ക് ദഹിച്ചിരുന്നില്ല.
ട്രംപിന്റെ കുബുദ്ധി
ജനുവരി 20ന് സ്ഥാനം ഒഴിയും മുമ്പ് ഇറാനെ ആക്രമിക്കാൻ പഴുതുകൾ തേടിയ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ സഹായികൾ പിന്തിരിപ്പിച്ചതായി ന്യൂയോർക്ക് ടൈസ് റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെ യു. എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ഇസ്രായേലിൽ എത്തി നെതന്യാഹുവിനെ കണ്ടു. തുടർന്ന് ഇരുവരും സൗദി അറേബ്യയിൽ ചെന്ന് കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനുമായി രഹസ്യ ചർച്ച നടത്തി. ഇറാനുമായുള്ള ആണവകരാർ പുനരുജ്ജീവിപ്പിക്കുന്നത് എങ്ങനെയും തടയണമെന്നായിരുന്നു ആ ചർച്ചയിലെ ധാരണ. കരാർ പുനരുജ്ജീവിപ്പിച്ചാൽ ഉപരോധങ്ങൾ പിൻവലിക്കേണ്ടി വരും. അത് ഇറാനെ കൂടുതൽ ശക്തമാക്കും.
ഇറാന്റെ നിസഹായത
ഉപരോധങ്ങൾ സമ്പദ്വ്യവസ്ഥ തകർത്തു. സുലൈമാനിയുടെ കൊലപാതകത്തിലൂടെ സൈനിക തന്ത്രജ്ഞനെ നഷ്ടപ്പെട്ടു. നതാൻസിലെ ആണവ കേന്ദ്രത്തിന് ദുരൂഹമായ സ്ഫോടനത്തിൽ തകരാറുണ്ടായി. സിറിയയിലെ ഇറാനിയൻ കേന്ദ്രങ്ങൾ ഇസ്രായേൽ തകർത്തപ്പോൾ സഖ്യകക്ഷിയായ റഷ്യ നിസംഗത പാലിച്ചു. ഇപ്പോൾ ആണവശാസ്ത്രജ്ഞനെ നഷ്ടമായി. അറബ് രാജ്യങ്ങളിലെ അമേരിക്കൻ അനുഭാവ സമവാക്യങ്ങളും തിരിച്ചടിയാണ്. തിരിച്ചടിച്ചില്ലെങ്കിൽ ഭരണകൂടം ദുർബലമാണെന്ന ആക്ഷേപം ഉയരും. ഇപ്പോൾ തിരിച്ചടിച്ചാൽ ഇസ്രായേലിനും ട്രംപിനും പ്രഹരിക്കാൻ അവസരമാകും. നയതന്ത്ര വഴികൾ അടഞ്ഞാൽ വരാനിരിക്കുന്ന ബൈഡൻ ഭരണകൂടത്തിന് അനുരഞ്ജനം ദുഷ്കരമാകും. എണ്ണടാങ്കറുകളോ പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങളോ ആക്രമിക്കുന്നതിൽ ഇറാന്റെ പ്രതികാരം ഒതുങ്ങാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |