ടെഹ്റാൻ: ഇറാനിലെ ആണവായുധ പദ്ധതികളുടെ തലവനായ മുഹ്സീൻ ഫക്രിസാദെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയേയും ഇറാന്റെ മുഖ്യ ശത്രുവായ ഇസ്രായേലിനേയും വിമർശിച്ച് പ്രസിഡന്റ് ഹസൻ റൂഹാനി. ഇസ്രായേലിനെ അമേരിക്കയുടെ കൂലിപ്പടയാളി എന്നാണ് റൂഹാനി വിശേഷിപ്പിച്ചത്.
ആഗോള അഹങ്കാരത്തിന്റെ ദുഷിച്ച കൈകളും അവരുടെ കൂലിപ്പടയാളിയായ ഇസ്രായേലും ഈ രാജ്യത്തിന്റെ മകന്റെ രക്തത്താൽ നനഞ്ഞു - ഹസൻ പ്രസ്താവനയിൽ പറഞ്ഞു. ആഗോള അഹങ്കാരമെന്ന് ഇറാൻ വിശേഷിപ്പിച്ചത് അമേരിക്കയെ ആണ്.
മുഹ്സീന്റെ മരണം രാജ്യത്തെ ശാസ്ത്ര പുരോഗതിയെ ബാധിക്കില്ലെന്നും തങ്ങളുടെ വളർച്ചയ്ക്ക് തടസം സൃഷ്ടിക്കാനാണ് അദ്ദേഹത്തെകൊലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
മുഹ്സീന്റെകൊലപാതകത്തിൽ ഇസ്രായേലിനോട് പ്രതികാരം ചെയ്യുമെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സൈനിക ഉപദേഷ്ടാവ് പറഞ്ഞു.
ഇസ്രായേലിന്റെ ഈ ഭീകരപ്രവർത്തനത്തെ അപലപിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഇറാനിലെ പ്രശസ്ത ശാസ്ത്രജ്ഞനെയാണ് ഭീകരർ കൊലപ്പെടുത്തിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്നതിന് സൂചനകളുണ്ടെന്നും സരിഫ് ആരോപിച്ചു. മുഹ്സീൻ വധം അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും അത് മേഖലയിലെ നാശം വിതക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്നും ഇറാൻ യു.എൻ അംബാസഡർ മാജിദ് തഖ്ത് രവാഞ്ചി പറഞ്ഞു.
ഈ പേര് ഓർമ്മിക്കുക!
ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് 2018 ഏപ്രിലിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസംഗത്തിൽ മുഹ്സീന്റെ പേര് പ്രത്യേകം പരാമർശിച്ചിരുന്നു. ''ഈ പേര് ഓർമ്മിക്കുക'' എന്നായിരുന്നു നെതന്യാഹു പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |