കൊച്ചി: പനങ്ങാട് ലഹരി മരുന്നുകേസിൽ ട്രാൻസ് ജെൻഡർ ആലപ്പുഴ കുത്തിയതോട് കണ്ടത്തിൽ വീട്ടിൽ ദീക്ഷ (23), വൈക്കം വെച്ചൂർ വിഷ്‌ണുഭവനിൽ വിശ്വനാഥന്റെ മകൻ ഹരികൃഷ്‌ണൻ (23), ചേർത്തല മണപ്പുറം നിസാമൻസിലിൽ നിസാർ ഷമ്മദിന്റെ മകൻ സഫി നിസാർ (25) എന്നിവരെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. കൊച്ചി നഗരത്തിന്റെ തെക്കൻ മേഖലകളിലുള്ള പനങ്ങാടും കുമ്പളത്തും ലഹരിമരുന്നുവില്പന വ്യാപകമാണെന്നു പൊലീസിനു ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നേരത്തെ ഇൗ കേസിൽ എഴുപുന്ന സ്വദേശികളായ ഡിക്സൺ, ഷാൽവിൻ, പൂച്ചാക്കൽ സ്വദേശികളായ ഉദയൻ, ജോമോൻ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
ഉദയനിൽനിന്ന് എം.ഡി.എം.എ വിഭാഗത്തിലുള്ള ലഹരിമരുന്നുവാങ്ങി സഫിയാണ് മറ്റുള്ളവർക്ക് വിതരണം ചെയ്യുന്നത്. ദീക്ഷ ലഹരിമരുന്നു വാങ്ങുന്നതിനായി സഫിയുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നതായി കണ്ടെത്തി. ഇന്നലെ അറസ്റ്റിലായ മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് പനങ്ങാട് സി.ഐ. അനന്തലാൽ പറഞ്ഞു.
നേരത്തെ പിടിയിലായ പ്രതികളിൽനിന്ന് അഞ്ചുഗ്രാം എം.ഡി.എം.എ വിഭാഗത്തിലുള്ള ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ആലപ്പുഴ ജില്ലയിലെ അരൂർ, പൂച്ചാക്കൽ, എഴുപുന്ന എന്നിവിടങ്ങളിലും കൊച്ചിയുടെ തെക്കൻ മേഖലകളിലും കഞ്ചാവിന്റെയും ലഹരിമരുന്നുകളുടെയും വില്പന വർദ്ധിച്ചുവരുന്നുണ്ട്. ഇതു പൊലീസ് നിരീക്ഷിച്ചു വരികയാണെന്നും സി.ഐ പറഞ്ഞു. ബംഗളൂരുവിൽനിന്ന് ഇടനിലക്കാർ വഴിയാണ് ലഹരിമരുന്നു കേരളത്തിലെത്തുന്നത്. നേരത്തെ അറസ്റ്റിലായ ജോമോൻ എടപ്പാളിൽ നിന്നാണ് ലഹരി മരുന്ന് വാങ്ങി കൊച്ചിയിലെത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ പേ അക്കൗണ്ട് മുഖേനയാണ് ഇതിനുള്ള പണം നൽകിയിരുന്നത്. എസ്.ഐമാരായ റിജിൻ. എം. തോമസ്, സാജൻ ജോസഫ്, അനസ്, എ.എസ്.ഐ ബിജു എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ലഹരി മരുന്ന് : വിവരമറിയിക്കണമെന്ന് പൊലീസ്
ലഹരി മരുന്നിനെക്കുറിച്ചു വിവരം ലഭിച്ചാൽ 9497980430 എന്ന നമ്പരിൽ വിവരം അറിയിക്കണമെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |