ഇളംപ്രായത്തിന്റെ കാര്യത്തിൽ മുടവൻമുകൾ വാർഡിൽ മത്സരിക്കുന്ന ആര്യ രാജേന്ദ്രനെ തോല്പിക്കാൻ തിരുവനന്തപുരം നഗരസഭ സ്ഥാനാർത്ഥികളിൽ മറ്റൊരാളില്ല. 21 തികഞ്ഞിട്ട് പത്തുമാസമേ ആയിട്ടുള്ളൂ. യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീകലയ്ക്ക് 41, എൻ.ഡി.എ സ്ഥാനാർത്ഥി ശകുന്തളദേവിക്ക് 52. കോളേജിലും പൊതു തിരഞ്ഞെടുപ്പിലും പ്രവർത്തിച്ച് പരിചയമുള്ള ആര്യ സ്ഥാനാർത്ഥിയായി ഇറങ്ങിയത് യുവത്വത്തിന്റെ പ്രസരിപ്പുമായി.
ഓടി നടന്ന് വോട്ടർമാരെ കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്.
മുടവൻമുകൾ നിലനിറുത്താൻ സി.പി.എം ഇറക്കിയ തുറുപ്പാണ് ആര്യ.ആൾ സെയിന്റ്സ് കോളേജിലെ ബിഎസ്.സി മാത്സ് വിദ്യാർത്ഥിയായ ആര്യ എസ്.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കാർമലിൽ പഠിക്കുമ്പോൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആര്യ ഉൾപ്പെട്ട ബാൻഡ് മേള സംഘത്തിന് അഞ്ചാം സ്ഥാനവും പ്ള ടുവിന് കോട്ടൻഹില്ലിൽ പഠിക്കുമ്പോൾ നാടകത്തിന് എ ഗ്രേഡുമുണ്ടായിരുന്നു. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ.െഎ.സി ഏജന്റ് ശ്രീലതയുടെയും മകളാണ്.
''മൂത്തവരുമായുള്ള മത്സരത്തിന്റെ ത്രില്ലിലാണ് ഞാൻ. പ്രായക്കുറവ് എനിക്ക് ഗുണം ചെയ്യുമെന്നു തന്നെയാണ് പ്രതീക്ഷ. വോട്ടർമാരെല്ലാം അനുകൂലമാണ്'' ആര്യാ രാജേന്ദ്രൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |