തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പ് ദിവസത്തെ മാർഗനിർദ്ദേശം പൂർണമായും പാലിക്കാൻ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. വോട്ടർമാർക്ക് നിർഭയമായി സമ്മതി ദാനാവകാശം വിനിയോഗിക്കുന്നതിനുള്ള പൂർണ സ്വാതന്ത്ര്യം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.
രാഷ്ട്രീയ കക്ഷികൾ അവരവരുടെ അംഗീകൃത പ്രവർത്തകർക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാർഡുകളും നൽകണം. പോളിംഗ് സ്‌റ്റേഷന് സമീപം വോട്ട് അഭ്യർത്ഥിക്കാൻ പാടില്ല. സ്ഥാനാർത്ഥിയുടെ ക്യാമ്പുകളിൽ ആഹാര വിതരണം പാടില്ല. വോട്ടെടുപ്പ് ദിവസം ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെർമിറ്റ് വാങ്ങി രാഷ്ട്രീയ കക്ഷികൾ അതത് വാഹനങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കണം.
ബൂത്തുകൾക്ക് അകലം വേണം
പഞ്ചായത്ത് തലത്തിൽ പോളിംഗ് സ്‌റ്റേഷനിൽ നിന്ന് 200 മീറ്റർ അകലത്തിലും നഗരസഭാ തലത്തിൽ പോളിംഗ് സ്‌റ്റേഷനിൽ നിന്ന് 100 മീറ്റർ അകലത്തിലും മാത്രമേ ഇലക്‌ഷൻ ബൂത്തുകൾ സ്ഥാപിക്കാവൂ. ഇവിടെ സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ വയ്ക്കാം. ബൂത്തുകൾ നിർമ്മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങണം.
മൊബൈൽ ഫോൺ
പോളിംഗ് ബൂത്തുകളിൽ ഒബ്‌സെർവർമാർ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫീസർമാർ എന്നിവർക്കൊഴികെ ആർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല. രാഷ്ട്രീയ കക്ഷികൾ, സ്ഥാനാർത്ഥികൾ എന്നിവർ വോട്ടർമാരെ വാഹനമേർപ്പെടുത്തി പോളിംഗ് സ്‌റ്റേഷനിലെത്തിക്കാൻ പാടില്ല.
സ്ലിപ്പ് വെള്ള കടലാസിൽ
സമ്മതിദായകർക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകൾ വെള്ളക്കടലാസിൽ ഉള്ളതാകണം. ഇതിൽ സ്ഥാനാർത്ഥിയുടെയോ കക്ഷികളുടെയോ പേരോ ചിഹ്നമോ ഉണ്ടാകരുത്.
മദ്യ വിതരണം പാടില്ല
വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണുന്ന ദിവസവും മദ്യവിതരണം നടത്തരുത്. പോളിംഗ് ബൂത്തുകൾക്ക് സമീപവും സ്ഥാനാർത്ഥികളുടെ ക്യാമ്പിന്റെ പരിസരത്തും ആൾക്കൂട്ടം ഉണ്ടാകരുത്.
647 പേർക്ക് കൊവിഡ്
തൃശൂർ: 405 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ ശനിയാഴ്ച 647 പേർക്ക് കൊവിഡ്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,410 ആണ്. തൃശൂർ സ്വദേശികളായ 100 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 58,307 ആണ്. 51,344 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
വെള്ളിയാഴ്ച്ച സമ്പർക്കം വഴി 636 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ മൂന്ന് പേർക്കും രോഗ ഉറവിടം അറിയാത്ത അഞ്ച് പേർക്കും രോഗബാധ ഉണ്ടായി. രോഗബാധിതരിൽ 60 വയസിന് മുകളിൽ 48 പുരുഷന്മാരും 31 സ്ത്രീകളും പത്ത് വയസിന് താഴെ 19 ആൺകുട്ടികളും 23 പെൺകുട്ടികളുമുണ്ട്. 533 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 197 പേർ ആശുപത്രിയിലും 336 പേർ വീടുകളിലുമാണ്. ശനിയാഴ്ച 6,890 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 5,580 പേർക്ക് ആന്റിജൻ പരിശോധനയും 1,044 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും 266 പേർക്ക് ട്രൂനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,65,438 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |