തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടൻ മണികണ്ഠൻ ആചാരി. താൻ ഇതുവരെയും ഇടതുപക്ഷ അനുഭാവിയാണെന്നും ഭാവിയിലും അങ്ങനെ തന്നെ ആകണം എന്നതാണ് ആഗ്രഹമെന്നും മണികണ്ഠൻ പറയുന്നു. പിണറായി വിജയൻ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്നും മണികണ്ഠൻ ആചാരി അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ മലയാളം വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നാടകത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് ഇടതുപക്ഷം ആയതാണ് അങ്ങോട്ടേക്ക് ആകർഷിക്കപ്പെടാൻ കാരണമായതെന്നും മണികണ്ഠൻ വ്യക്തമാക്കുന്നു. നാല് വർഷത്തെ ഇടതുപക്ഷ ഭരണത്തിൽ താൻ തൃപ്തനാണെന്നും മണികണ്ഠൻ പറയുന്നു. വിമർശനങ്ങളും വീഴ്ചകളും ഉണ്ടായാൽ അത് സമ്മതിക്കാൻ മടി കാണിക്കാത്ത സർക്കാരാണ് ഇപ്പോഴുള്ളതെന്നും തെറ്റുപറ്റിയാൽ തിരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും മണികണ്ഠൻ ചൂണ്ടിക്കാണിച്ചു.
'നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണത്. ഇതുപോലെ മുന്‍പ് ആരും കണ്ടിട്ടുണ്ടാകില്ല. തെറ്റുകള്‍ അറിഞ്ഞുകൊണ്ട് ചെയ്യുകയും അങ്ങനെയൊരു തെറ്റുണ്ടായിട്ടുണ്ടോ എന്ന് അറിയാത്ത മട്ടില്‍ നടക്കുകയും ചെയ്യുന്ന നേതാക്കന്‍മാരെയാണ് കേരളം ഇതുവരെ കണ്ടിട്ടുള്ളത്. അതുവെച്ച് നോക്കുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാരും നമ്മുടെ മുഖ്യമന്ത്രിയും ഏറെ വ്യത്യസ്തമാണ്.'-മണികണ്ഠൻ പറയുന്നു.
കോൺഗ്രസോ ബി.ജെ.പിയോ എന്തെങ്കിലും തെറ്റ് ചെയ്യുകയാണെങ്കിൽ തനിക്ക് വലിയ വിഷമം തോന്നാറില്ലെന്നും എന്നാൽ ഇടതുപക്ഷത്തുനിന്നും ഒരാൾ അഴിമതിക്കേസിന്റെയോ മറ്റോ ഭാഗമായാൽ തനിക്ക് ദേഷ്യവും വിഷമവും വെറുപ്പുമാണ് തോന്നുകയെന്നും നടൻ പറഞ്ഞു. വോട്ടിന് വേണ്ടി ഇടതുപക്ഷം പ്രവർത്തിച്ചതായി താൻ കണ്ടിട്ടില്ല. ഇനി അങ്ങനെ ഉണ്ടായാൽ തനിക്ക് ഇടതുപക്ഷത്തോട് താത്പര്യമുണ്ടാകില്ല.
കോൺഗ്രസ് പാർട്ടിയിൽ തനിക്ക് ഏറ്റവുമധികം ഇഷ്ടമുള്ളത് എ.കെ ആന്റണിയോടാണെന്നും മണികണ്ഠൻ ചൂണ്ടിക്കാണിച്ചു. അതേസമയം, പ്രസ്ഥാനത്തിൽ തനിക്ക് ഏറെ വിശ്വാസമുണ്ടെന്നും ഇടതുപക്ഷം നല്ല നിലയിൽ തുടർന്നാൽ താൻ പ്രസ്ഥാനത്തിനോടൊപ്പം ഉണ്ടാകുമെന്നും ഇല്ലെങ്കിൽ മാറുമെന്നും നടൻ പറയുന്നുണ്ട്. നാളെ അവിടെ തന്നെ തുടരും എന്ന് ഉറപ്പ് പറയാൻ ആകില്ല. എങ്കിലും ഇടതുപക്ഷത്തെ തള്ളിപറയേണ്ട അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. മണികണ്ഠൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |