ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പം മലയാളി താരം നിഷാന്ത് സാഗർ അഭിനയിച്ച ഇംഗ്ളീഷ് ചിത്രം വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരിലേക്കെത്തുന്നു. ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും റിലീസ് ചെയ്യാതിരുന്ന 'പൈറേറ്റ്സ് ബ്ലഡ്' എന്ന ചിത്രമാണ് നീണ്ട 12 വർഷങ്ങൾക്ക് ശേഷം ഡി.വി.ഡി രൂപത്തിൽ പ്രേക്ഷകരിലേക്കെത്തുന്നത്.
2008ലാണ് ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായത്. ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഈ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. അതിനു പിന്നാലെയാണ് ചിത്രത്തിന്റെ ഡി.വി.ഡി പുറത്തിറങ്ങിയിരിക്കുന്നത്.
റെട്രോസ്പ്ലോയ്റ്റേഷന്‍ എന്ന കമ്പനിയാണ് 12 വര്‍ഷമായി ഇരുട്ടിലായിരുന്ന ചിത്രത്തിന്റെ ഡി.വി.ഡി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. മാര്‍ക് റാറ്ററിംഗ് എന്ന അമേരിക്കന്‍ സംവിധായകനാണ് ചിത്രം ഒരുക്കിയത്. പട്ടണം റഷീദ് ഉള്‍പ്പെടെ മലയാളത്തില്‍ നിന്ന് നിരവധി സിനിമാ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു.
ഹൊറർ ചിത്രമായ 'പൈറേറ്റ്സ് ബ്ലഡി'ലെ മൂന്ന് നായികമാരിൽ ഒരാളായിരുന്നു സണ്ണി. അശ്ളീല സിനിമാ രംഗത്ത് താരമാകുന്നതിന് മുന്‍പാണ് സണ്ണി ഈ ചിത്രത്തിൽ അഭിനയിച്ചത്. സണ്ണിയുടെ അഭിനയിച്ച രണ്ടാമത്തെ ചിത്രമാണിത്. മൈമൂന ബലൂച്ചി, ഇസബെല്ലാ ഗ്രനേഡ സലേം ബാഹ്‌വാൻ, റോബർട്ട് ചാപ്പിൻ എന്നീ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമായിരുന്നു.
ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് അന്തരിച്ച ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആയിരുന്നു. ഒമാനിലും കേരളത്തിലുമായാണ് സിനിമ ചിത്രീകരിച്ചത്. 'സണ്ണി അന്ന് അത്ര പ്രശസ്തയായിരുന്നില്ല' എന്ന് രാമചന്ദ്രബാബു തന്റെ ഓർമ്മക്കുറിപ്പുകളിൽ പറയുന്നുണ്ട്. 2004ൽ പുറത്തെത്തിയ 'ഗേള്‍ നെക്സ്റ്റ് ഡോര്‍' ആയിരുന്നു സണ്ണിയുടെ ആദ്യ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |