തിരുവനന്തപുരം: കെ.എസ്.എഫ്.ഇയില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയെ ന്യായീകരിച്ച് മുഖ്യമന്ത്രി. രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോപണങ്ങള്‍ക്ക് പിന്നില്‍ മാദ്ധ്യമ സിന്‍ഡിക്കേറ്റുകളാണെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും ജയിലും അടക്കം ആഭ്യന്തര വകുപ്പില്‍ നേരിട്ട് ഇടപെടാന്‍ ശ്രീവാസ്തവക്ക് കഴിയില്ല.
ആരും അദ്ദേഹത്തെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല, ആരും ശ്രീവാസ്തവയുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതാദ്യമായല്ല പരിശോധന നടക്കുന്നതെന്നും 2019 ലും 2018 ലും നടന്ന പരിശോധനകളുണ്ടെന്നും അവിടെ ഒന്നും ശ്രീവാസ്തവക്ക് ഒരു പങ്കും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാദ്ധ്യമ സിന്‍ഡിക്കേറ്റ് എന്ന പ്രയോഗം ആവര്‍ത്തിച്ച മുഖ്യമന്ത്രി കുറച്ച് കാലമായി ഉപേക്ഷിച്ച പഴയ സ്വഭാവം മാദ്ധ്യമങ്ങളിലേക്ക് വീണ്ടും വരുന്നുവെന്നാണ് ചോദ്യങ്ങള്‍ക്ക് മാദ്ധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം, കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡില്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവക്കെതിരെ സി.പി.എമ്മില്‍ പടയൊരുക്കം നടക്കുന്നതായാണ് സൂചന. പരിശോധനയ്ക്ക് പിന്നില്‍ ശ്രീവാസ്തവക്കും പങ്കുണ്ടെന്നാണ് വിജിലന്‍സിനെ വിമര്‍ശിക്കുന്ന സി.പി.എം നേതാക്കളുടെ സംശയം. വിജിലന്‍സിന്റെ ഉദ്ദേശശുദ്ധിയെ സി.പിഐയും ചോദ്യം ചെയ്യുന്നു. ക്രമക്കേടുകള്‍ നിരത്തിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധനയെന്ന വിജിലന്‍സ് വിശദീകരണമൊന്നും ധനമന്ത്രിയും സി.പി.എമ്മിലെ വിജിലന്‍സ് വിമര്‍ശകരും കണക്കിലെടുക്കുന്നില്ല.
വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ച പൊലീസ് ചട്ടഭേദഗതിക്ക് പിന്നിലും ശ്രീവാസ്തയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. റെയ്ഡിലും ശ്രീവാസ്തവക്കെതിരായ വിമര്‍ശനങ്ങളിലും മുഖ്യമന്ത്രി പാര്‍ട്ടിയില്‍ വിശദീകരണം നല്‍കേണ്ടിവരും. ധന-ആഭ്യന്തരമന്ത്രിമാരുടെ പോരിടലില്‍ സി.പി.ഐ ധനവകുപ്പിനൊപ്പമാണ്. വിജിലന്‍സ് റെയ്ഡിനെ പാര്‍ട്ടി മുഖപത്രവും മന്ത്രിമാരും വിമര്‍ശിക്കുന്നു. വിജിലന്‍സ് കൂട്ടിലടക്കാനുള്ള സി.പി.എം നീക്കം ഉന്നയിച്ചാണ് പ്രതിപക്ഷത്തിന്റെ ഇന്നത്തെ വിമര്‍ശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |