വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കാനൊരുങ്ങുകയാണ് ജോ ബൈഡൻ. ജനുവരി 20നാണ് ബൈഡൻ അധികാരത്തിലേറുന്നത്. പുതിയ പദ്ധതികൾ രൂപീകരിച്ച് അമേരിക്കയെ കൂടുതൽ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബൈഡൻ.
കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതാണ് അമേരിക്ക. അതു കൊണ്ട് തന്നെ കൊവിഡ് പ്രതിരോധത്തിനാണ് ബൈഡൻ പ്രഥമസ്ഥാനം നൽകുന്നത്. എല്ലാ അമേരിക്കക്കാർക്കും സൗജന്യ കൊവിഡ് പരിശോധന, പി.പി.ഇ പോലെയുള്ള സുരക്ഷാസാമഗ്രികൾ, ശാസ്ത്രീയ അറിവുകൾ അടിസ്ഥാനമാക്കിയുള്ള കൊവിഡ് മാർഗരേഖകൾ, സമത്വം ഉറപ്പാക്കിയുള്ള വാക്സിൻ വിതരണം, മുതിർന്ന പൗരന്മാർക്കു പ്രത്യേക കരുതൽ, ചൈനയിൽനിന്നുൾപ്പെടെ മഹാമാരി ഭീഷണികൾ മുൻകൂട്ടി കാണാനും തയാറെടുക്കാനുമുള്ള വിപുല സംവിധാനം എന്നിങ്ങനെ ഏഴിന കർമ പദ്ധതിയാണ് കൊവിഡിനെ നേരിടാൻ ബൈഡൻ രൂപവത്കരിച്ചിരിക്കുന്നത്.നീതിപൂർണമായ സാമ്പത്തിക നടപടികളിലൂടെ മദ്ധ്യവർഗത്തിനു കൂടുതൽ ഊർജ്ജം പകരുന്ന നാലിന കർമ പരിപാടിയും ബൈഡൻ ആവിഷ്കരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പരിസ്ഥിതി സൗഹൃദ ഊർജമാതൃകകൾക്കു പ്രോത്സാഹനവും അമേരിക്കൻ നൈപുണ്യം പ്രയോജനപ്പെടുത്തിയുള്ള വികസനവും ഉറപ്പാക്കും.
കൊവിഡ്കാല ദുരിതം മറികടക്കാനുള്ള സാമ്പത്തിക പാക്കേജുകൾ അവതരിപ്പിക്കും.വർണവിവേചനം അവസാനിപ്പിക്കുന്നതിനായി സാമ്പത്തിക ഉന്നതിയിൽ എല്ലാവർക്കും അവസരം ഉറപ്പാക്കും.വംശീയ വിവേചനത്തോടെയുള്ള പൊലീസ് അതിക്രമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താനുള്ള വിപുല പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |