ബീജിംഗ്: ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ ചൈന ജലവൈദ്യുത നിലയം നിർമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത വർഷത്തോടെ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശമെന്ന് ചൈനീസ് കമ്പനി തലവനെ ഉദ്ധരിച്ച് അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രഹ്മപുത്ര നദിയിൽ ചൈന ജലവൈദ്യുത പദ്ധതി നിർമിക്കുമെന്നും ജലസ്രോതസുകൾ ഉപയോഗപ്പെടുത്തുമെന്നും ആഭ്യന്തര സുരക്ഷ നിലനിർത്താൻ പദ്ധതിക്ക് കഴിയുമെന്നും ചൈനയിലെ പവർ കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാൻ യാൻ സിയോങ് പറഞ്ഞതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. അടുത്തവർഷം ആദ്യം നാഷനൽ പീപ്പിൾസ് കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചതിന് ശേഷമാകും പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിടുക.മദ്ധ്യചൈനയിലെ മൂന്ന പ്രശസ്ത അണക്കെട്ടുകളേക്കാൾ മൂന്നിരട്ടി വൈദ്യുത നിർമാണ ശേഷിയുള്ള അണക്കെട്ട് നിർമിക്കാനാണ് ചൈനയുടെ ഒരുക്കം. ചൈനയുടെ ആഭ്യന്തര സുരക്ഷ കൂടി ലക്ഷ്യം വച്ചാകും അണക്കെട്ട് നിർമാണം. ബ്രഹ്മപുത്ര നദിയുടെ തീരത്ത് മെഡോങ്ങിൽ ജല വൈദ്യുത നിലയം നിർമിക്കാനാണ് തീരുമാനം. അരുണാചൽ പ്രദേശിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് മെഡോങ്. ഇതോടെ ചൈനയുടെ പുതിയ നീക്കം ഇന്ത്യ - ബംഗ്ലാദേശ് രാജ്യങ്ങളുടെ ആശങ്ക ഉയർത്തും.ഭരണ കക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ചൈനയുടെ യൂത്ത് ലീഗിന്റെ സാമൂഹിക മാദ്ധ്യമ പേജുകളിൽ കഴിഞ്ഞ ആഴ്ച അണക്കെട്ട് നിർമ്മാണത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ബ്രഹ്മപുത്രയിൽ ഇതിനോടകം തന്നെ ചൈന ചെറിയ അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |