കൊല്ലം: ഓയൂർ വാപ്പാലയിൽ ദുരൂഹസാഹചര്യത്തിൽ യുവതി മരിച്ചത് അടിവയറ്റിൽ ചവിട്ടേറ്റാണെന്ന് വ്യക്തമായതോടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഭർത്താവ് റിമാൻഡിലായി.
ഓടനാവട്ടം വാപ്പാല പള്ളിമേലതിൽ വീട്ടിൽ അരുൺദാസാണ് (36) പൂയപ്പള്ളി പാെലീസിന്റെ പിടിയിലായത്. അരുണിന്റെ ഭാര്യ ആശയുടെ (27) മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. സംഭവത്തെക്കുറിച്ച് പാെലീസ് പറയുന്നതിങ്ങനെ : മരംവെട്ട് തൊഴിലാളിയായ അരുൺ മദ്യപിച്ചെത്തി ആശയെ മർദ്ദിക്കുന്നത് പതിവായിരുന്നു.
ഒക്ടോബർ 31ന് മദ്യപിച്ചെത്തിയ അരുൺ ആശയുമായി വഴക്കിട്ടു. അടിവയറ്റിൽ ചവിട്ടേറ്റ് ആശയുടെ ബോധം നഷ്ടമായി. തുടർന്ന് കാെട്ടാരക്കര താലൂക്കാശുപത്രിയിലും ജില്ലാ ആശുപത്രിയിലും പിന്നീട് മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നവംബർ നാലിന് മരിച്ചു. അടിവയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ബന്ധുക്കൾ സംശയം പറഞ്ഞതോടെ അരുണിനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
പാറയുടെ മുകളിൽനിന്ന് ആട് ഇടിച്ചിട്ടാണ് ഭാര്യയ്ക്ക് പരിക്കേറ്റതെന്നാണ് അരുൺ ആശുപത്രിയിൽ പറഞ്ഞത്. മക്കളായ അൽബാന്റെയും അലന്റെയും അരുൺദാസിന്റെ അമ്മ എൽസി ദാസിന്റെയും മൊഴിയെടുത്തിരുന്നു. അരുൺ ആശുപത്രിയിൽ നൽകിയ വിവരത്തിലും വീട്ടുകാർ നൽകിയ മൊഴിയിലും വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. ഞായറാഴ്ചയാണ് പാേസ്റ്റുമാേർട്ടം റിപ്പാേർട്ട് വന്നത്.
ആശയുടെ ശരീരത്തിൽ ഏഴ് മുറിവുകൾ കണ്ടെത്തിയെങ്കിലും മരണകാരണം അടിവയറ്റിലേറ്റ ചവിട്ടാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡിവെെ.എസ്.പി നസീറിന്റെ നേതൃത്വത്തിൽ പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ, എസ്.ഐമാരായ രാജൻബാബു, രതീഷ് കുമാർ, എ.എസ്.ഐമാരായ ഉദയകുമാർ, അനിൽകുമാർ, വിജയകുമാർ, വനിതാ സി.പി.ഒ ജുമെെല എന്നിവരടങ്ങുന്ന സംഘമാണ് അരുണിനെ പിടികൂടിയത്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
മരണക്കിടക്കയിൽ ആശ പറഞ്ഞു: ''ആട് ഇടിച്ചിട്ടതല്ല"
കൊല്ലം: 'ആട് ഇടിച്ചിട്ടതല്ലെന്ന് ' ആശുപത്രിയിൽ ചികിത്സയിലിരിക്കേ അച്ഛനമ്മമാരോട് ആശ പറഞ്ഞിരുന്നു. പിന്നീട് ഏറെ വൈകാതെ മരണം സംഭവിച്ചു. മകൾ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അച്ഛൻ ജോർജും കുടുംബവും പൊലീസിൽ പരാതി നൽകിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിനു മുൻപുതന്നെ പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. വീട്ടിലെത്തുന്നവരോട് അമ്മയെ ആട് ഇടിച്ചിട്ടതാണെന്ന് ഏഴും ഒമ്പതും വയസുള്ള മക്കൾ പറഞ്ഞിരുന്നു.
അങ്ങനെ മക്കളെ പറഞ്ഞ് വിശ്വസിപ്പിക്കാൻ അരുണിന് കഴിഞ്ഞിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. അരുണിന്റെ പരസ്ത്രീബന്ധത്തെച്ചൊല്ലിയും ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നെന്ന് പൊലീസ് പറയുന്നു. ആശയെ ഉപദ്രവിക്കുന്നത് പതിവായതിനാൽ ഒച്ച കേട്ടാലും പരിസരത്തുള്ളവർ ഗൗരവത്തിലെടുത്തിരുന്നില്ല.
വയറിന് വേദനയും കടുത്ത ആരോഗ്യ പ്രശ്നങ്ങളുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആശയെ എത്തിക്കുമ്പോൾ ആട് ഇടിച്ചിട്ടതാണെന്ന് വിശ്വസിപ്പിക്കാൻ അരുണിന് കഴിഞ്ഞു.
ഇതിനെ എതിർക്കാനും യാഥാർത്ഥ്യം ആശുപത്രി അധികൃതരോട് പറഞ്ഞ് അരുണിനെ കുഴപ്പത്തിലാക്കാനും ആശ ശ്രമിച്ചിരുന്നുമില്ല.
ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും ആശ മരിച്ചുപോകുമെന്ന് അച്ഛനമ്മമാർ കരുതിയിരുന്നില്ല.
ആരോഗ്യനില കൂടുതൽ വഷളായപ്പോഴാണ് യാഥാർത്ഥ്യം പുറത്തായത്.