ന്യൂഡൽഹി: മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കടുത്ത ശൈത്യത്തിലും രാപ്പകലില്ലാതെ കഴിഞ്ഞ ആറ് ദിവസമായി നടത്തുന്ന കർഷക പ്രക്ഷോഭത്തിന് വഴങ്ങി കേന്ദ്രസർക്കാർ. ഉപാധികളില്ലാതെ ചർച്ചയ്ക്ക് തയാറാണെന്ന് ബി.കെ.യു നേതാവ് ജോഗീന്ദർ സിംഗ് അടക്കമുള്ള പ്രധാന നേതാക്കളെ ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണിൽ വിളിച്ച് അറിയിച്ചു. ഇന്ന് ചർച്ച നടന്നേക്കുമെന്നാണ് സൂചന.
സർക്കാർ നിശ്ചയിച്ച നിരങ്കാരി മൈതാനത്തേക്ക് സമരം മാറ്റിയാൽ ഡിസംബർ മൂന്നിന് മുൻപ് ചർച്ചയ്ക്ക് തയാറാണെന്ന അമിത് ഷായുടെ നിർദ്ദേശം ഞായാറാഴ്ച കർഷകർ തള്ളിയിരുന്നു. പിന്നാലെ, അർദ്ധരാത്രി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ വസതിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ എന്നിവർ ചർച്ച നടത്തിയാണ് ഉപാധികളില്ലാതെ ചർച്ചയ്ക്ക് തീരുമാനമെടുത്തത്. ബി.ജെ.പി നേതാക്കൾ കർഷക സംഘടനാ നേതാക്കളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
അതേസമയം, മൻ കി ബാത്തിന് പുറമെ വാരണാസിയിലെ പരിപാടിയിലും കർഷക നിയമങ്ങളെ പിന്തുണച്ച് പ്രധാനമന്ത്രി മോദി രംഗത്തുവന്നത് കർഷകരിൽ കടുത്ത പ്രതിഷേധമുയർത്തിയിട്ടുണ്ട്. മോദി കർഷകരുടെ മൻ കി ബാത്ത് കേൾക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കർഷകരുടെ
ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ പൂർണമായും മോദി എതിരാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതികരിച്ചു. അതിനിടെ, സമരത്തിൽ സജീവമായിരുന്ന പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള കർഷകൻ ഗജ്ജൻ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
സഖ്യം വിടുമെന്ന് ആർ.എൽ.പി
വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ എൻ.ഡി.എ സഖ്യം വിടുമെന്ന് രാജസ്ഥാനിൽ നിന്നുള്ള രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി അദ്ധ്യക്ഷനും ലോക്സഭാംഗവുമായ ഹനുമൻ ബേനിവാൾ വ്യക്തമാക്കി.
ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ ഖാപ്പ് പഞ്ചായത്തുകൾ ഒന്നടങ്കം കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഖാപ്പ് പ്രതിനിധികൾ ഇന്ന് ഡൽഹിയിലേക്ക് മാർച്ച് ചെയ്യുമെന്ന് ഖാപ്പ് അദ്ധ്യക്ഷനും ബി.ജെ.പി എം.എൽ.എയുമായ സോംബീർ സാംഗ്വാൻ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിൽ സർവീസ് നടത്തില്ലെന്ന് പത്തോളം ഓട്ടോ-ടാക്‌സി യൂണിയനുകൾ വ്യക്തമാക്കി. കർഷക സമരത്തിന് പിന്തുണയുമായി കോൺഗ്രസ് സ്പീക്ക് ഫോർ ഫാർമേഴ്‌സ് ഹാഷ്ടാഗോടെ സോഷ്യൽമീഡിയ കാമ്പെയിൻ തുടങ്ങി.
ഗാസിയാബാദിലും സമരം ശക്തം
ഹരിയാന ഡൽഹി അതിർത്തിയായ സിംഗു, തിക്രി എന്നിവ കൂടാതെ യു.പി അതിർത്തിയായ ഗാസിയാബാദിലും കർഷക സമരം ശക്തമായി. നിരവധി കർഷകർ ഡൽഹിയിലേക്ക് കടക്കാനായി കൂട്ടത്തോടെയെത്തിയതിന് പിന്നാലെ, ലിയ കോൺക്രീറ്റ് ബാരിക്കേഡുകൾ അതിർത്തിയിൽ നിരത്തി. മുള്ളുവേലികളും സ്ഥാപിച്ചു. കൂടുതൽ പൊലീസിനെയും വിന്യസിച്ചു. ഡൽഹിയിലേക്കുള്ള അഞ്ചിടങ്ങളിൽ നിന്നുള്ള പ്രധാന പാതകൾ തടയുമെന്ന് കർഷകർ ഭീഷണിമുഴക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |