തിരുവനന്തപുരം: കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ആദ്യഘട്ടത്തിൽ ആവേശം കുറഞ്ഞ തിരഞ്ഞെടുപ്പ് രംഗം ഇപ്പോൾ ചൂടുപിടിച്ചുകഴിഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനവും തുടർന്നുള്ള പ്രചാരണവുമെല്ലാം പാർട്ടി അംഗങ്ങൾക്കിടയിൽ മാത്രമായിരുന്നു ആവേശം സൃഷ്ടിച്ചിരുന്നതെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ നാടും നഗരവും ആവേശത്തിമിർപ്പിലാകും. ഓരോ ദിവസവും പുതിയ അടവുകളുമായി സ്ഥാനാർത്ഥികളും മുന്നണികളും രംഗത്തെത്തിയിരിക്കുകയാണ്. ആദ്യഘട്ടം മുതൽ മുന്നണികൾ പയറ്റിയിരുന്ന സോഷ്യൽ മീഡിയ പ്രചാരണം ഇപ്പോഴും തുടരുകയാണ്.
പാട്ടും വീഡിയോയും
മുമ്പ് നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ മാത്രമായിരുന്നു സ്ഥാനാർത്ഥികൾക്ക് വേണ്ടി ഇലക്ഷൻ ഗാനം തയ്യാറാക്കിയിരുന്നതെങ്കിൽ ഇക്കുറി ഗ്രാമ പഞ്ചായത്തിലെ വാർഡ് സ്ഥാനാർത്ഥികൾ സ്വന്തം പേരിൽ ഗാനം തയ്യാറാക്കി പ്രചരിപ്പിക്കുന്നുണ്ട്. വീണ്ടും മത്സരിക്കുന്ന സിറ്റിംഗ് ജനപ്രതിനിധികൾ താൻ നടപ്പാക്കിയ വികസന പദ്ധതികൾ വീഡിയോ രൂപത്തിൽ തയ്യാറാക്കി വാട്സ്ആപ്പ്, ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുന്നുണ്ട്. എല്ലാവർക്കും ആൻഡ്രോയ്ഡ് ഫോൺ ഉള്ളതിനാൽ ഇത്തരം പ്രചാരണ പരിപാടികൾ കൃത്യമായി വാർഡിലെ എല്ലാവരിലുമെത്തിക്കാൻ പ്രത്യേക ടീമിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
നേതാക്കളുടെയും താരങ്ങളുടെയും അഭ്യർത്ഥന
പാർട്ടിയിലെ ഉന്നത നേതാക്കൾ, എം.പി.മാർ, എം.എൽ.എമാർ, ചലച്ചിത്ര - ടെലിവിഷൻ താരങ്ങൾ, സാഹിത്യകാരന്മാർ എന്നിവർ സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്നതാണ് മറ്റൊരു രീതി. ഇവരുടെ അഭ്യർത്ഥന വീഡിയോ ആക്കിയാണ് പ്രചാരണം നടത്തുന്നത്. സ്ഥാനാർത്ഥി ചില്ലറക്കാരനല്ലെന്ന ചിന്ത വോട്ടർമാരിൽ ഉണ്ടാക്കുകയാണ് ലക്ഷ്യം.
ആൾക്കൂട്ടത്തിലെ സ്ഥാനാർത്ഥി
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്‌തമായി സിനിമാ താരങ്ങളെപ്പോലെ സ്ഥാനാർത്ഥികൾ പോസ്റ്ററിലും ബോർഡിലും പ്രത്യക്ഷപ്പെടുന്നതാണ് മറ്റൊരു സ്റ്റൈൽ. പോസ്റ്ററിലും ബോർഡിലും മുമ്പ് സ്ഥാനാർത്ഥിയുടെ തല മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. എന്നാലിപ്പോൾ തൊഴിലാളികൾക്കൊപ്പം കയറുപിരിക്കുന്നതും കുട്ടികളുമായി ചേർന്ന് പന്തുതട്ടുന്നതും വൃദ്ധർക്കൊപ്പമിരുന്ന് സംസാരിക്കുന്നതുമെല്ലാമാണ് ചിത്രങ്ങൾ. ആൾക്കൂട്ടത്തിലെ സ്ഥാനാർത്ഥി എന്നതാണ് ഇത്തരം തന്ത്രങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സന്ദേശം.
അടവുകൾ കടുപ്പിച്ച് ...
ഓരോ വാർഡിലെയും വോട്ടർമാരെ മൂന്നായി തിരിച്ചാണ് മുന്നണികൾ വിജയസാദ്ധ്യതയുടെ കണക്കെടുക്കുന്നത്. വോട്ട് ആർക്ക് ചെയ്യുമെന്ന വ്യക്തമായ നിലപാടുള്ള പാർട്ടി പ്രവർത്തകർ, സ്ഥാനാർത്ഥികളെ താരതമ്യപ്പെടുത്തി വ്യക്തിയെ നോക്കി വോട്ട് നൽകുന്നവർ, മറ്റുള്ളവരുടെ അഭിപ്രായം അനുസരിച്ച് വോട്ട് ചെയ്യുന്നവർ ഇങ്ങനെയാണ് ഈ വിഭാഗക്കാർ. ഇതിൽ അവസാനത്തെ രണ്ടുവിഭാഗക്കാരെ സ്വാധീനിക്കുക എന്നതാണ് ഓരോ ദിവസവും മുന്നണികൾ പയറ്റുന്ന തന്ത്രം. വ്യക്തമായ രാഷ്ട്രീയ നിലപാടുകളില്ലാത്ത ഇത്തരക്കാരെ അവരുടെ സ്വാധീന വലയത്തിനുള്ളിൽപ്പെട്ടവരെ ഉപയോഗിച്ച് വോട്ട് തങ്ങൾക്ക് അനുകൂലമാക്കുക എന്നതാണ് തന്ത്രം. അവസാനത്തെ വിഭാഗക്കാർ പത്തുശതമാനത്തിൽ താഴെ മാത്രമേ ഉണ്ടാകൂ. ആയിരം വോട്ടുകൾ മാത്രം പോൾചെയ്യുന്ന വാർഡുകളിൽ ഇവരുടെ നിലപാട് നിർണായകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |