ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി മുപ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു. 4,87,807 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 6,35,69,400 ആയി ഉയർന്നു. 14,73,405 പേർ മരിച്ചു. നാല് കോടി മുപ്പത്തിയൊമ്പത് ലക്ഷം പേർ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്.
രോഗികളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ ഒരു കോടി മുപ്പത്തിയൊമ്പത് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഒന്നരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 2,74,289 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എൺപത്തിരണ്ട് ലക്ഷം കടന്നു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷത്തോടടുത്തു. കഴിഞ്ഞദിവസം 38,772 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 4,46,952 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ 4.74 ശതമാനമാണിത്. രോഗമുക്തി നിരക്ക് 93.81 ശതമാനമായി വർദ്ധിച്ചു. ആകെ രോഗമുക്തർ 88,47,600 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വർദ്ധിച്ച് 84,00,648 ആയി.
ബ്രസീലിൽ ഇതുവരെ അറുപത്തിമൂന്ന് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,73,165 ആയി.രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിയാറ് ലക്ഷം കടന്നു.റഷ്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് 22,95,654 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |