വൈപ്പിൻ : മകൾക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയാൽ ലോട്ടറി വില്പന മുടങ്ങും. ഭാഗ്യക്കുറി വില്ക്കാൻ പോയില്ലെങ്കിൽ അടുപ്പെരിയില്ല. ഒടുവിൽ ധർമ്മസങ്കടം പരിഹരിക്കാൻ ചെറായി ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വാണിയുടെ പിതാവ് ഹരിഹരൻ കണ്ടെത്തിയ ഐഡിയ ഇപ്പോൾ നാട്ടിൽ ഹിറ്റായിരിക്കുകയാണ്. മകളുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ സൈക്കിളിൽ പതിപ്പിച്ച് ലോട്ടറി വില്പന. പുതിയ രീതി അവതരിപ്പിച്ചതോടെ ഹരിഹരൻ പ്രചരണ രംഗത്ത് താരമായിരിക്കുകയാണ്.
മുപ്പത് വർഷത്തോളമായി ലോട്ടറി വിറ്റാണ് ഹരിഹരൻ കുടുംബം പുലർത്തുന്നത്. ലോട്ടറി വിറ്റുകിട്ടുന്ന വരുമാനത്തിൽ നിന്നും ഒരു വിഹിതം നീക്കിവച്ചായിരുന്നു മകള പഠിപ്പിച്ച് അഭിഭാഷകയാക്കിയും. തന്റെ ജീവിതത്തിന്റെ ഭാഗമായ ലോട്ടറി വില്പനയെ ബാധിക്കാതെ തിരഞ്ഞെടുപ്പ് പ്രചരണം നടത്താൻ കഴിയുന്നു എന്നത് വലിയകാര്യമായി ഹരിഹരൻ കാണുന്നു. മകൾ വീണ വിജയിച്ചാൽ നാടിന് ലോട്ടറിയിച്ചതിന് സമാനമായിരിക്കുമെന്ന് ഈ അച്ഛൻ പറയുന്നു.
നാടിനെ അടുത്തറിയുന്ന ആളാണ് ഹരിഹരൻ. ഹരിഹരനെ നാടും അറിയും. ലോട്ടറി വില്പനയ്ക്കൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചരണം ഗുണം ചെയ്യുമെന്നാണ് ഹരിഹരന്റെ വിലയിരുത്തൽ. ലോട്ടറി വില്പനയ്ക്കൊപ്പം മകൾക്ക് വോട്ടിടണേയെന്ന് അഭ്യർത്ഥിച്ചുമാണ് ഹരിഹരൻ ഒരു കവലയിൽ നിന്നും അടുത്ത കവലയിലേക്ക് നീങ്ങുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യക്കുറി തന്റെ കൈവശമുണ്ടായിരുന്നിട്ടും ആ ടിക്കറ്റ് എടുത്തു വയ്ക്കണമെന്ന് ആവശ്യപ്പെട്ടയാൾക്ക് കൈമാറിയ വ്യക്തി കൂടിയാണ് ഹരിഹരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |