തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയെച്ചൊല്ലിയുണ്ടായ വിവാദത്തിൽ സർക്കാരിനെ വെട്ടിലാക്കുന്ന വിധം പരസ്യപ്രതികരണത്തിന് മുതിർന്ന പാർട്ടി കേന്ദ്ര കമ്മിറ്റിംഗമായ ധനമന്ത്രി തോമസ് ഐസക്കിനെയും സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദനെയും പരസ്യമായി തള്ളി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. പാർട്ടി നടപടിയല്ലെങ്കിലും ഫലത്തിൽ ശാസനയുടെ പ്രതീതിയുണർത്തുന്നതാണ് അസാധാരണ നീക്കം. സെക്രട്ടേറിയറ്റ് യോഗത്തിൽ രണ്ട് നേതാക്കളും വീഴ്ച സമ്മതിച്ചു.
പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഇത്തരം സന്ദർഭങ്ങളിൽ എന്തും വിവാദമാക്കാൻ ശ്രമിക്കുന്നവരുണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്നും സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിവാദം ചർച്ച ചെയ്യാൻ അടിയന്തരമായി വിളിച്ച സെക്രട്ടേറിയറ്റ് യോഗത്തിൽ, ചികിത്സാർത്ഥം അവധിയിലുള്ള കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ നാല് മുതിർന്ന പി.ബി അംഗങ്ങളും പങ്കെടുത്തു. ഐസക്കിന്റെ ഘടകം കേന്ദ്രകമ്മിറ്റിയും ആനന്ദന്റേത് സംസ്ഥാന കമ്മിറ്റിയുമായതിനാൽ സാങ്കേതികമായി അച്ചടക്ക നടപടി സെക്രട്ടേറിയറ്റ് യോഗത്തിൽ സാദ്ധ്യമല്ല. നടപടികളിലേക്ക് കടക്കാതെ വിവാദം അവസാനിപ്പിക്കുന്നുവെന്ന സൂചനയാണ് സെക്രട്ടേറിയറ്റ് നൽകിയതും.
കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധന സാധാരണഗതിയിലുള്ളതാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയത് സെക്രട്ടേറിയറ്റിന്റെ വാർത്താക്കുറിപ്പിലും ആവർത്തിച്ചു. വിജിലൻസ് പരിശോധനയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളെ മുഖ്യമന്ത്രി തള്ളിയപ്പോഴേ, പാർട്ടിയുടെ സന്ദേശം വ്യക്തമായിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ ചുവടു പിടിച്ചുള്ള ചർച്ചയാണ് സെക്രട്ടേറിയറ്റിലുമുണ്ടായത്. വിവാദം ക്ഷണിച്ചു വരുത്തിയതിനോട് സി.പി.എം കേന്ദ്ര നേതൃത്വത്തിനും യോജിച്ചില്ല.
വിവാദത്തിന് ആഗ്രഹിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രിക്കെതിരായി തന്റെ വിമർശനം വ്യാഖ്യാനിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തോമസ് ഐസക് യോഗത്തിൽ വിശദീകരിച്ചതായി അറിയുന്നു. ധനവകുപ്പിനെ ഇരുട്ടിൽ നിറുത്തിയുള്ള നീക്കമെന്ന തോന്നലിൽ വികാരം പങ്കു വച്ചതാണ്. അന്വേഷണത്തിന്റെ മറവിൽ ഇ.ഡിയും മറ്റും രാഷ്ട്രീയ പകപോക്കലോടെ ഇടപെടുമ്പോൾ, അതുമായി ചേർത്തുവച്ചുള്ള നീക്കമെന്ന തെറ്റിദ്ധാരണയിൽ പ്രതികരിച്ചതാണെന്നും ഐസക് വിശദീകരിച്ചു. കെ.എസ്.എഫ്.ഇ പോലുള്ള മികവാർന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ വിജിലൻസ് പരിശോധനയെ ചിലർ ഉപയോഗിച്ചപ്പോൾ, വൈകാരികമായി പ്രതികരിച്ചതാണെന്ന് ആനത്തലവട്ടവും വിശദീകരിച്ചു. സദുദ്ദേശ്യത്തോടെ അതുൾക്കൊള്ളുന്നുവെന്ന നിലപാടാണ് സെക്രട്ടേറിയറ്റ് കൈക്കൊണ്ടത്. തിരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ എതിരാളികൾക്ക് ആയുധമിട്ട് കൊടുക്കുന്ന നില ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതായിരുന്നുവെന്ന് യോഗത്തിൽ പലരും അഭിപ്രായപ്പെട്ടു.
ഇതിലിത്ര വലിയ ബഹളമുണ്ടാക്കേണ്ട കാര്യമില്ലായിരുന്നുവെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. വിജിലൻസിന്റെ പരിശോധനാറിപ്പോർട്ടിൽ കഴമ്പുണ്ടോയെന്ന് സർക്കാർ പരിശോധിച്ചാണ് കേസെടുക്കുന്നത് പോലും തീരുമാനിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുമായും ചർച്ച നടക്കും. തന്റെ പൊലീസ് ഉപദേഷ്ടാവിന് ഇത്തരം കാര്യങ്ങളിൽ ഇടപെടാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, വിജിലൻസ് പരിശോധനയെ ന്യായീകരിച്ച മുഖ്യമന്ത്രിയെ പിന്തുണച്ചും, ഐസക്കിന്റെ വിമർശനങ്ങളെ തള്ളിയും മന്ത്രിമാരായ ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |